രേണുക വേണു|
Last Modified വെള്ളി, 2 ജനുവരി 2026 (12:36 IST)
സിനിമയ്ക്കുള്ളിൽ സിനിമയുടെ കഥ പറഞ്ഞ റോഷൻ ആൻഡ്രൂസ്- മോഹൻലാൽ-
ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം 'ഉദയനാണ് താരം' റി റിലീസിനൊരുങ്ങുന്നു. ജനുവരി അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. ഒരിടവേളയ്ക്ക് ശേഷം പച്ചാളം ഭാസിയും, സരോജ് കുമാറും, ഉദയഭാനുവും വീണ്ടും എത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്. 20 വർഷത്തിനുശേഷമാണ് 4K ദൃശ്യ മികവോടെ ചിത്രം റീ റിലീസിനൊരുങ്ങുന്നത്. ശ്രീനിവാസനായിരുന്നു ചിത്രത്തിൻ്റെ കഥയും തിരക്കഥയും ഒരുക്കിയത്.
റിലീസ് വേളയിൽ ബോക്സ് ഓഫീസിൽ മികച്ച വിജയം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. മികച്ച പ്രേക്ഷക പ്രതികരണങ്ങളും ഉദയനാണ് താരത്തിന് ലഭിച്ചിരുന്നു. കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരനാണ് ചിത്രം നിർമ്മിച്ചത്.
ഉദയഭാനുവായി മോഹൻലാലും സരോജ് കുമാറായി ശ്രീനിവാസനും എത്തിയ ചിത്രത്തിൽ മീനയായിരുന്നു നായിക. മുകേഷ്, സലിം കുമാർ, ഇന്ദ്രൻസ്, ഭാവന എന്നിവരും വേഷമിട്ടിട്ടുണ്ട്. ഛായാഗ്രാഹണം നിർവഹിച്ചത് എസ് കുമാറാണ്. ദീപക് ദേവിന്റേതാണ് സംഗീതം. ഗാനരചന കൈതപ്രം നിർവഹിച്ചപ്പോൾ പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിർവഹിച്ചു. എ. കെ സുനിലിന്റെ നേതൃത്വത്തിലുള്ള ന്യൂ സൂര്യ ഫിലിംസ് ആണ് ചിത്രത്തിന്റെ ഡിസ്ത്രിബ്യൂഷൻ കൈകാര്യം ചെയ്യുന്നത്.