രേണുക വേണു|
Last Modified തിങ്കള്‍, 29 ഡിസംബര്‍ 2025 (18:14 IST)
പലവിധ മേഖലകളിലായി നിരവധി ചിത്രങ്ങൾ ഇറങ്ങിയ വർഷമായിരുന്നു 2025. വൻ താരനിരയോ വൻഹൈപ്പോ ഇല്ലാതെ തിയേറ്ററുകളിലെത്തി ലാഭം കൊയ്ത ചിത്രങ്ങളും ഒട്ടനവധിയാണ്. പുതുമുഖതാരങ്ങളും പുതുമുഖസംവിധായകരുമടക്കം നിറഞ്ഞാടിയ 2025ൽ കുറഞ്ഞ ചിത്രങ്ങൾ കൊണ്ട് ഹിറ്റ് മേക്കറായി മാറിയത് സിനിമാസ്വാദകരുടെ സ്വന്തം ലാലേട്ടനായിരുന്നു.
പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാനിലൂടെയായിരുന്നു 2025ൽ മോഹൻലാലിൻ്റെ തുടക്കം. ആദ്യ ദിനം തന്നെ 14 കോടി നേടിയ സിനിമ കേരളത്തിൽ നിന്ന് നേടിയത് 86 കോടിയാണ്. ആഗോള ബിസിനസ് വഴി 325 കോടിയും എമ്പുരാൻ സ്വന്തം പേരിലാക്കി.
തുടർന്നെത്തിയ തരുൺ മൂർത്തി സംവിധായകനായ തുടരും ആയിരുന്നു മോഹൻലാലിൻ്റെ രണ്ടാമത് ഹിറ്റ് ചിത്രം. നിറംമങ്ങിയെന്ന് കരുതിയ മോഹൻലാലിൻ്റെ അഭിനയത്തെ പഴയ ആർജവത്തോടെ തിരിച്ചുകൊണ്ടുവരാൻ ചിത്രത്തിനായി. മോഹൻലാലിന്റെ തുടർച്ചയായ 200 കോടി പടമായി തുടരും മാറി. 118 കോടിയാണ് സിനിമ കേരളത്തിൽ നിന്നും നേടിയത്. സത്യൻ അന്തിക്കാട് -
മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ഹൃദയപൂർവ്വമായിരുന്നു മറ്റൊരു ഹിറ്റ്.
60 കോടിക്കും മുകളിലാണ് ഹൃദയപൂർവ്വത്തിന്റെ ആഗോള നേട്ടം. കേരളത്തിൽ നിന്ന് 41 കോടിയായിരുന്നു സിനിമയുടെ കളക്ഷൻ.
ധനഞ്ജയ് ശങ്കറിന്റെ സംവിധാനത്തിലൊരുങ്ങിയ ദിലീപ് ചിത്രം ഭ ഭ ഭയിലും മോഹൻലാൽ കാമിയോ റോളിൽ എത്തിയിരുന്നു. ഗോകുലം ഗോപാലൻ ആണ് പടത്തിന്റെ നിർമ്മാണം.
നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലും ദിലീപും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഭ ഭ ഭ. ഇതുവരെ 25 കോടിയോളം രൂപയാണ് ചിത്രം സ്വന്തമാക്കിയത്.
ഛോട്ടാ മുംബൈയും, രാവണപ്രഭുവുമടക്കം രണ്ട് റീ-റിലീസുകളായിരുന്നു ഈ വർഷം മോഹൻലാലിനുണ്ടായിരുന്നത്. മോഹൻലാൽ ഫാൻസിനെ സംബന്ധിച്ച് തിയേറ്ററുകൾ ഇളക്കിമറിച്ചായിരുന്നു വലിയ ആഘോഷമാക്കിയായിരുന്നു രണ്ട് ചിത്രങ്ങളുടേയും മടക്കം.