അഭിറാം മനോഹർ|
Last Modified ബുധന്‍, 3 ഓഗസ്റ്റ് 2022 (20:46 IST)
ചെയ്ത സിനിമകൾ ഒട്ടനവധിയുണ്ടെങ്കിലും ചെയ്യാതെ വിട്ടുപോയ ഒട്ടനവധി ഹിറ്റ് ചിത്രങ്ങളും മമ്മൂട്ടിയുടെ പേരിലുണ്ട്. മോഹൻലാലിൻ്റെ ഇരുപതാം നൂറ്റാണ്ട് മുതൽ ദൃശ്യം വരെ ഒരുപാട് സിനിമകൾ ആദ്യം എത്തിപ്പെട്ടത് മമ്മൂട്ടിയിൽ ആയിരുന്നു. എന്നാൽ മറ്റ് സിനിമകളുടെ തിരക്കുകളും മറ്റ് കാരണങ്ങൾ കൊണ്ടും പല സിനിമകളും മറ്റ് താരങ്ങളിലേക്ക് എത്തപ്പെടുകയായിരുന്നു.
ഇപ്പോഴിതാ മോഹൻലാലിൻ്റെ മറ്റൊരു ഹിറ്റ് ചിത്രമായിരുന്ന നിർണ്ണയം എന്ന സിനിമയും മമ്മൂട്ടിയെ ഉദ്ദേശിച്ച് എഴുതിയതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തിരക്കഥാകൃത്തായ ചെറിയാൻ കല്പകവാടി. അന്ന് മമ്മൂട്ടിയും ലാലേട്ടനും ഇന്നത്തെ പോലെ ഇൻഡസ്ട്രിയിലെ രണ്ട് പ്രധാനതാരങ്ങളാണ്. ഞാൻ ഇൻഡസ്ട്രിയിൽ അറിയപ്പെടുന്നത് ലാലിൻ്റെ ഹൃദയസൂക്ഷിപ്പ് കാരൻ എന്ന പേരിലാണ്. ആ സമയത്ത് സംഗീത് ശിവൻ വന്ന് മമ്മൂട്ടിയ്ക്ക് ഒരു സിനിമ എഴുതാൻ സാധിക്കുമോ എന്ന് ചോദിച്ചു.
മമ്മൂട്ടിയ്ക്ക് വേണ്ടി അല്പം കാർക്കശ്യക്കാരനായ ഡോക്ടർ വേഷമാണ് എഴുതിയത്. മമ്മൂട്ടി ആ കാലത്ത് റൊമാൻസിന് പോകത്തില്ല. നായിക പിന്നാലെ പോയെങ്കിൽ മാത്രമെ ഉള്ളു. ആ സ്ക്രിപ്റ്റ് സംഗീത് ആണ് മമ്മൂട്ടിയെ വായിച്ച് കേൾപ്പിക്കുന്നത്. ഇതാരാടാ എഴുതിയത് എന്നാണ് മമ്മൂട്ടി ചോദിച്ചത്. അതൊരു പുതിയ ആളാണെന്ന് സംഗീത്. ഒടുവിൽ ചെറിയാൻ കല്പകവാടിയാണ് എഴുതിയതെന്ന് തുറന്ന് പറഞ്ഞു.
എടുത്ത വായിൽ മമ്മൂക്ക പറഞ്ഞു. എടാ അത് ലാലിൻ്റെ സ്വന്തം ആളല്ലെ. പക്ഷേ എന്തെല്ലാമോ കാരണങ്ങൾ കാരണം ആ പ്രൊജക്ട് നീണ്ടുപോയി. ഇതെല്ലാം കഴിഞ്ഞ് പക്ഷേയുടെ ഷൂട്ടിങ്ങിനിടെ ലാൽ മമ്മൂക്കയ്ക്ക് എഴുതിയ ആ സ്ക്രിപ്റ്റിനെ പറ്റി ചോദിച്ചു. ഞാൻ കഥ പറഞ്ഞപ്പോൾ ലാലിനും താത്പര്യമായി. കൊള്ളാമല്ലോ സാധനം. മമ്മൂക്ക ചെയ്യുന്നില്ലേൽ ഇത് നമ്മൾക്ക് ചെയ്യാമെന്ന് ലാൽ പറഞ്ഞു. മമ്മൂക്കയോട് സംഗീത് ചോദിച്ചപ്പോൾ പടം ചെയ്യാൻ ഇനിയും നീളുമെന്ന് പറഞ്ഞു. അങ്ങനെയാണ് ആ സിനിമ ലാലിലേക്ക് എത്തുന്നത്.
സിനിമയിൽ മോഹൻലാലിന് വേണ്ടി പിന്നീട് ചില മാറ്റങ്ങൾ വരുത്തി. റൊമാൻസ് രംഗങ്ങൾ കൊണ്ടുവന്നു. മമ്മൂക്ക തമാശയായി ഉടനെ പറഞ്ഞു കണ്ടോ അവൻ മറിച്ച് കൊടുത്തത് കണ്ടോ.