സാഗര്‍ ഏലിയാസ് ജാക്കി എഴുതിയത് ആന്റണി പെരുമ്പാവൂരിന്റെ നിര്‍ബന്ധം കാരണം, എനിക്ക് ഒട്ടും താല്‍പര്യമില്ലായിരുന്നു: എസ്.എന്‍.സ്വാമി

രേണുക വേണു| Last Modified ശനി, 2 ഏപ്രില്‍ 2022 (09:41 IST)

മോഹന്‍ലാലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഏക സിനിമയാണ് സാഗര്‍ ഏലിയാസ് ജാക്കി. ഇരുപതാം നൂറ്റാണ്ട് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ മോഹന്‍ലാലിന്റെ സാഗര്‍ ഏലിയാസ് ജാക്കി എന്ന കഥാപാത്രത്തിനു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ജന്മം നല്‍കുകയായിരുന്നു അമല്‍ നീരദ്. എസ്.എന്‍.സ്വാമിയുടേതായിരുന്നു തിരക്കഥ. ഇരുപതാം നൂറ്റാണ്ട് എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ തന്നെ സംവിധാനം ചെയ്തത് കെ.മധുവാണ്.

സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമയ്ക്കായി തിരക്കഥയെഴുതാന്‍ തനിക്ക് ഒട്ടും താല്‍പര്യമില്ലായിരുന്നു എന്നാണ് ഈയടുത്ത് ഒരു അഭിമുഖത്തില്‍ എസ്.എന്‍.സ്വാമി പറഞ്ഞത്. ആന്റണി പെരുമ്പാവൂരിന്റെ നിര്‍ബന്ധം കൊണ്ടാണ് സാഗര്‍ ഏലിയാസ് ജാക്കി എഴുതിയതെന്നും എസ്.എന്‍.സ്വാമി ഈ അഭിമുഖത്തില്‍ പറയുന്നു.

'എനിക്ക് ഒട്ടും താല്‍പര്യമില്ലായിരുന്നു. ആന്റണിയുടെ നിര്‍ബന്ധം കൊണ്ട് എഴുതിയതാണ്. അങ്ങനെ എഴുതിയെങ്കിലും ഞാന്‍ ഹാപ്പിയായിരുന്നില്ല. കാരണം ആദ്യത്തെ ആ ഒരു ഫ്രഷ്നെസ് ഒന്നും അതിനില്ല, എന്തൊക്കെ പറഞ്ഞാലും. കാര്യം അമല്‍ നീരദ് നന്നായിട്ടെടുത്തു. ഒരു സംവിധായകനെന്ന നിലയില്‍ അദ്ദേഹം നന്നായി ചെയ്തിട്ടുണ്ട്. അതുകൊണ്ട് മാത്രം കാര്യമായില്ല. അതിന്റെ സ്ട്രക്ച്ചറൊന്നും പോരായിരുന്നു. ഇരുപതാം നൂറ്റാണ്ട് പോലത്തെ സിനിമയ്ക്ക് സാഗര്‍ ഏലിയാസ് ജാക്കിയില്‍ നോക്കുകയാണെങ്കില്‍ പ്ലേസ് ചെയ്യാന്‍ പറ്റില്ല. അയാള്‍ക്ക് ഒരു കഥയേ ഉള്ളൂ പറയാന്‍. ആ കഥ കഴിഞ്ഞു. പിന്നെ നമ്മള്‍ കഥ പറഞ്ഞാല്‍ ആള്‍ക്കാര് വിശ്വസിക്കില്ല. ഞാന്‍ ആത്മാര്‍ഥതയില്ലാതെയാണ് അത് എഴുതിയതെന്ന് പറയാം. കാരമം, എത്ര ശ്രമിച്ചിട്ടും എനിക്ക് ആ കഥ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല,' എസ്.എന്‍.സ്വാമി പറഞ്ഞു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :