മോഹന്‍ലാലിന്റെ സ്ഫടികത്തോട് മത്സരിച്ചപ്പോള്‍ മമ്മൂട്ടി ചിത്രത്തിന് സംഭവിച്ചത് എന്ത്? ഒരു ബോക്‌സ്ഓഫീസ് കഥ

രേണുക വേണു| Last Modified ബുധന്‍, 30 മാര്‍ച്ച് 2022 (13:17 IST)

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റേയും ചിത്രങ്ങള്‍ ഒരേദിവസം റിലീസായി നേര്‍ക്കുനേര്‍ നിന്ന് പോരാടുമ്പോള്‍ മലയാള സിനിമാപ്രേക്ഷകര്‍ ആകെ ആശയക്കുഴപ്പത്തിലാകും. ആദ്യം ഏത് സിനിമ കാണണമെന്നതാകും അവരെ ഭരിക്കുന്ന പ്രധാന പ്രശ്‌നം. പക്ഷേ രണ്ട് സിനിമകളും ഒരേദിവസം കണ്ട് ആ പ്രശ്‌നത്തിന് പരിഹാരം കാണുന്നവരാണ് കൂടുതല്‍ പേരും.

മോഹന്‍ലാലിന്റെ സ്ഫടികവും മമ്മൂട്ടിയുടെ മഴയെത്തും മുന്‍പെയും റിലീസാകുന്നത് ഒരു ദിവസത്തിന്റെ മാത്രം വ്യത്യാസത്തിലാണ്. ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം 1995 മാര്‍ച്ച് 30ന് പ്രദര്‍ശനത്തിനെത്തി. കമല്‍ സംവിധാനം ചെയ്ത മഴയെത്തും മുന്‍പെ മാര്‍ച്ച് 31നാണ് റിലീസായത്.

രണ്ടും രണ്ട് രീതിയിലുള്ള സിനിമകളായിരുന്നെങ്കിലും രണ്ടിനും കുടുംബബന്ധങ്ങളുടെ ശക്തമായ കഥ പറയാനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ രണ്ടുചിത്രങ്ങള്‍ കാണാനും കുടുംബപ്രേക്ഷകര്‍ ഇരച്ചെത്തി. ഫലമോ രണ്ട് സിനിമകളും മെഗാഹിറ്റായി മാറി. ബോക്‌സ്ഓഫീസില്‍ രണ്ട് സിനിമകളും നന്നായി പണംവാരി. കൂടുതല്‍ കൊമേഴ്‌സ്യല്‍ എലമെന്റ്‌സ് ഉള്ളതിനാല്‍ സ്ഫടികം തന്നെയാണ് നേരിയ വ്യത്യാസത്തില്‍ മുന്‍പിലെത്തിയത്.

ഇന്നും സ്ഫടികത്തിലെ ആടുതോമയും മഴയെത്തും മുന്‍പെയിലെ കോളജ് അധ്യാപകനായ നന്ദകുമാര്‍ വര്‍മയും പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. മാത്രമല്ല, രണ്ട് സിനിമകളിലെ ഗാനങ്ങളും ഇന്നും മലയാളികളുടെ മനസില്‍ മായാതെ നില്‍ക്കുന്നവയാണ്. എസ്.പി.വെങ്കിടേഷായിരുന്നു സ്ഫടികത്തിന്റെ സംഗീതസംവിധായകന്‍. രവീന്ദ്രനായിരുന്നു മഴയെത്തും മുന്‍പെയ്ക്ക് ഈണങ്ങളൊരുക്കിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :