നെഞ്ചിൽ അണുബാധ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവ ഗുരുതരം

അഭിറാം മനോഹർ| Last Modified ചൊവ്വ, 10 സെപ്‌റ്റംബര്‍ 2024 (12:36 IST)
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യാവസ്ഥ അതീവ ഗുരുതരമെന്ന് വ്യക്തമാക്കി പാര്‍ട്ടി. ന്യൂഡല്‍ഹി എയിംസില്‍ ശ്വസന പിന്തുണയിലാണ് യെച്ചൂരി കഴിയുന്നതെന്ന് സിപിഐ അറിയിച്ചു. യെചൂരിയുടെ ആരോഗ്യനില ഡോക്ടര്‍മാരടങ്ങിയ വിദഗ്ധ സംഘം പരിശോധിച്ചുവരികയാണെന്നും നിലവില്‍ അതീവ ഗുരുതരാവസ്ഥയിലാണ് ഉള്ളതെന്നുമാണ് ഔദ്യോഗിക കുറിപ്പില്‍ സിപിഐ അറിയിച്ചത്.


ഓഗസ്റ്റ് 19നാണ് ന്യൂമോണിയയെ തുടര്‍ന്ന് നെഞ്ചിലുണ്ടായ അണുബാധയ്ക്ക് ചികിത്സയ്ക്കായി 72കാരനായ യെച്ചൂരിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. യെച്ചൂരിയുടെ രോഗാവസ്ഥയെ കുറിച്ചുള്ള വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിരുന്നില്ല. 1975 മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍കിസ്റ്റ്)യില്‍ പ്രവര്‍ത്തിക്കുന്ന യെച്ചൂരി എസ്എഫ്‌ഐയിലൂടെയാണ് സജീവരാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.


അടിയന്തിരാവസ്ഥ കാലഘട്ടത്തില്‍ ജവഹര്‍ ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയായിരുന്നു യെച്ചൂരി. 1977 മുതല്‍ 1988 വരെയുള്ള കാലഘട്ടത്തില്‍ ജെഎന്‍യു സ്റ്റുഡന്‍്‌സ് യൂണിയന്‍ പ്രസിഡന്റായി 3 വട്ടം തിരെഞ്ഞെടുക്കപ്പെട്ടു. പ്രകാശ് കാരാട്ടിനൊപ്പം ജെഎന്‍യുവില്‍ ഇടത് രാഷ്ട്രീയം വളര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്കാണ് യെച്ചൂരി വഹിച്ചത്. 1996ലെ ഏറെ പ്രസിദ്ധമായ പൊതുമിനിമം പരിപാടി രൂപപ്പെടുത്തുന്നതില്‍ പി ചിദംബരത്തിനൊപ്പം നിര്‍ണായകമായ പങ്കാണ് യെച്ചൂരി വഹിച്ചത്. 2004ല്‍ യുപിഎ സര്‍ക്കാരിന്റെ രൂപീകരണത്തില്‍ നിര്‍ണായകമായ പങ്ക് വഹിക്കാനും യെച്ചൂരിക്കായി.

നിലവിലെ കേന്ദ്രസര്‍ക്കാരിന്റെ നടപടികളിലെ ശക്തമായ വിമര്‍ശകന്‍ കൂടിയാണ് യെച്ചൂരി. രാജ്യത്തിന്റെ ഭരണഘടന തകിടം മറിയ്ക്കാനുള്ള ആര്‍എസ്എസ് അജണ്ഡകളാണ് ബിജെപി സര്‍ക്കാര്‍ പുലര്‍ത്തുന്നതെന്ന് പലപ്പോഴും അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ള രാഷ്ട്രീയ നേതാവാണ് യെച്ചൂരി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :