പൊലീസില്‍ ശുദ്ധികലശം, പ്രശ്‌നക്കാര്‍ പുറത്തേക്ക്; അന്‍വറിന്റെ 'കളി' പാര്‍ട്ടി അറിവോടെ

പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയുമായി എഡിജിപി അജിത് കുമാറിനു അഭേദ്യമായ ബന്ധമുണ്ടെന്നും അടുത്ത ഡിജിപി ആകാനുള്ള നീക്കങ്ങള്‍ അജിത് കുമാര്‍ നടത്തുന്നുണ്ടെന്നുമാണ് അന്‍വര്‍ പറയുന്നത്

PV Anvar and Pinarayi Vijayan
രേണുക വേണു| Last Modified തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2024 (13:28 IST)
PV Anvar and Pinarayi Vijayan

പൊലീസ് സേനയ്‌ക്കെതിരായ ഗുരുതര ആരോപണങ്ങളാണ് പി.വി.അന്‍വര്‍ എംഎല്‍എ തുടര്‍ച്ചയായി നടത്തുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെയാണ് അന്‍വര്‍ കൂടുതല്‍ ഗുരുതര സ്വഭാവമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചത്. നിലവില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി.ശശിക്കെതിരെയും അന്‍വര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയുമായി എഡിജിപി അജിത് കുമാറിനു അഭേദ്യമായ ബന്ധമുണ്ടെന്നും അടുത്ത ഡിജിപി ആകാനുള്ള നീക്കങ്ങള്‍ അജിത് കുമാര്‍ നടത്തുന്നുണ്ടെന്നുമാണ് അന്‍വര്‍ പറയുന്നത്. പത്തനംതിട്ട എസ്.പി. സുജിത് ദാസിന്റെ ഫോണ്‍ കോള്‍ ചോര്‍ത്തിയാണ് പി.വി.അന്‍വര്‍ എംഎല്‍എ അജിത് കുമാറിനെതിരെ ആദ്യം രംഗത്തെത്തിയത്. സുജിത് ദാസിനു കസ്റ്റംസിലുള്ള ബന്ധം ഉപയോഗിച്ചു കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചു എന്നാണ് പ്രധാന ആരോപണം. ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ഉദ്യോഗസ്ഥര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തികള്‍ ചെയ്യുന്നതായും അന്‍വര്‍ അജിത് കുമാറിനെതിരെ ഒളിയമ്പെയ്തു.

അന്‍വറിനെ ആരോപണങ്ങള്‍ക്കു പിന്നാലെ സുജിത് ദാസിനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് നീക്കാനും തീരുമാനമായിട്ടുണ്ട്. എത്ര വലിയ ഉന്നതനാണെങ്കിലും തെറ്റ് ചെയ്താല്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന താക്കീതും മുഖ്യമന്ത്രി നല്‍കുന്നു.

അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍ പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും അറിവോടെയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അന്‍വര്‍ സ്വതന്ത്ര എംഎല്‍എ ആയതിനാല്‍ വെളിപ്പെടുത്തലുകള്‍ നടത്താന്‍ പരിമിതിയില്ല. പാര്‍ട്ടിതല നടപടികള്‍ക്കും വിധേയനാകേണ്ടി വരില്ല. ഇതെല്ലാം പരിഗണിച്ചാണ് പൊലീസിലെ ശുദ്ധികലശത്തിനായി സിപിഎം അന്‍വറിനെ തന്നെ തിരഞ്ഞെടുത്തത്. അന്‍വര്‍ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയതിനു പിന്നാലെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും അതിനെ ഗൗരവത്തോടെ എടുക്കുന്ന രീതിയിലാണ് തുടക്കം മുതല്‍ പ്രതികരിച്ചത്. ഒരിക്കല്‍ പോലും പാര്‍ട്ടിയോ സര്‍ക്കാരോ അന്‍വറിനെ തള്ളുന്ന നിലയില്‍ നിലപാട് സ്വീകരിച്ചിട്ടില്ല. വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് പൊലീസില്‍ മാറ്റങ്ങള്‍ വരണമെന്ന നിലപാട് പാര്‍ട്ടിക്കുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് അന്‍വറിനെ മുന്നില്‍ നിര്‍ത്തിയുള്ള ഇപ്പോഴത്തെ നീക്കങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :