അഭിറാം മനോഹർ|
Last Modified ചൊവ്വ, 3 സെപ്‌റ്റംബര്‍ 2024 (14:46 IST)
കുറ്റകൃത്യങ്ങളില്‍ പ്രതികളായവരുടെ വീടുകള്‍ പൊളിച്ചുകളയുന്ന ബുള്‍ഡോസര്‍ നീതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. ഒരു വ്യക്തി കുറ്റവാളിയെന്ന് കരുതി അവരുടെ വീടുകള്‍ പൊളിച്ചു നീക്കരുതെന്ന് കോടതി പറഞ്ഞു. കെട്ടിടങ്ങള്‍ പൊളിക്കാനായി പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ രാജ്യവ്യാപകമായി നടപ്പിലാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ബുള്‍ഡോസര്‍ നടപടികള്‍ക്കെതിരെ വന്ന ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. കുറ്റവാളിയെന്ന് തെളിഞ്ഞാല്‍ നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങളിലൂടെ അല്ലാതെ കെട്ടിടം പൊളിക്കരുതെന്ന് കോടതി വ്യക്തമാക്കി.
അച്ഛന് മോശക്കാരനായ മകനുണ്ടാകാം. അതിന്റെ പേരില്‍ വീട് പൊളിക്കാനാവുമോ?, കെട്ടിടം നിയമവിരുദ്ധമാണെങ്കില്‍ മാത്രമെ പൊളിക്കാന്‍ അനുവാദമുള്ളു. ആദ്യം നോട്ടീസ് നല്‍കുക. മറുപടി നല്‍കാന്‍ സമയം നല്‍കുക. നിയമപരമായ പരിഹാരങ്ങള്‍ തേടാന്‍ സമയം നല്‍കുക. എന്നിട്ടാണ് പൊളിച്ചു മാറ്റുക. കോടതി വ്യക്തമാക്കി.
ബുള്‍ഡോസര്‍ നടപടി വലിയ പ്രശ്‌നമായി മാറികൊണ്ടിരിക്കുന്നതിനാല്‍ ഇത് സംബന്ധിച്ച് രാജ്യവ്യാപകമായി മാര്‍ഗനിര്‍ദേശം പുറവെടുവിക്കണമെന്നും കോടതി വ്യക്തമാക്കിയത്. കോടതി സെപ്റ്റംബര്‍ 17ന് വീണ്ടും ഹര്‍ജി പരിഗണിക്കും.