അനു മുരളി|
Last Modified വെള്ളി, 27 മാര്‍ച്ച് 2020 (10:25 IST)
ടോപ് സിങ്ങര്‍ ടിവി പരിപാടിയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമായിരുന്നു
സിതാര കൃഷ്ണകുമാര്‍. സിതാരയുടെ ഗാനത്തിനു നിരവധി ആരാധകരാണുള്ളത്. സോഷ്യല്‍ മീഡിയയില്‍ പാട്ടുകള്‍ പാടി പോസ്റ്റ് ചെയ്യുന്നതിനും ലൈവിലെത്തുന്നതിനും എതിരെ വിമർശനം ഉന്നയിച്ചവർക്ക് മറുപടിയുമായി നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. ഈ കൊറോണകാലത്തും നിങ്ങൾക്ക് ഇതെങ്ങനെ കഴിയുന്നുവെന്ന് ചോദിച്ചായിരുന്നു വിമർശനം. ഇത്തരക്കാർക്കുള്ള മറുപടി ഫേസ്ബുക്കിലൂടെ നൽകുകയാണ് സിതാര.
തങ്ങളും ദിവസക്കൂലിക്കാരാണെന്നും മാനസിക പിരിമുറുക്കത്തില്‍ ജീവിക്കുന്ന ഈ ദിവസങ്ങളില്‍ മാനസികോല്ലാസത്തിനു പറ്റുന്ന ഏറ്റവും നല്ല മാര്‍ഗം ഈ കളിയാക്കുന്ന പാട്ടും കൂത്തും തന്നെയാണെന്നും സിതാര പറയുന്നു.
ഈ ദുരിത സമയത്ത് ലോകാരോഗ്യസംഘടനയും , ഡോക്ടര്‍മാരും , ഇതാ ഇന്ന് സര്‍ക്കാരുകളും എല്ലാം ഓര്‍മിപ്പിക്കുന്നു വരാനിരിക്കുന്ന മാനസീക പിരിമുറുക്കങ്ങളെ കുറിച്ച് , അവ അതിജീവിക്കേണ്ട മാര്‍ഗങ്ങളില്‍ പ്രധാനം നിങ്ങളീ പറയുന്ന പാട്ടും കൂത്തും തന്നെയാണ് ! അതിനാല്‍ ഞങ്ങള്‍ പാട്ടും കൂത്തും നടത്തും. - സിതാര ഫേസ്ബുക്കില്‍ കുറിച്ചു.
സിതാരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഒന്നു രണ്ടു ദിവസങ്ങളായി പാട്ടു പാടി പോസ്റ്റ് ചെയ്യുന്ന സുഹൃത്തുക്കള്‍ക്ക് പലര്‍ക്കും ലഭിച്ച കമന്റുകളില്‍ ചിലത് ഇങ്ങനെയാണ്, ‘ഈ സമയത്താണോ നിങ്ങടെ പാട്ടും കൂത്തും’, ‘പാട്ടുപാടാതെ പോയിരുന്നു പ്രാര്‍ത്ഥിക്കൂ’, ‘ലോകം മുഴുവന്‍ പ്രശ്‌നം നടക്കുമ്‌ബോളാണ് അവന്റെ ഒരു പാട്ട് ‘!
ഒന്നു പറയട്ടെ സുഹൃത്തേ , നിങ്ങള്‍ക്ക് ഫേസ്ബുക്കില്‍ കയറാമെങ്കില്‍ , കമന്റ് ഇടാമെങ്കില്‍ , ട്രോളുകള്‍ കണ്ടു ചിരിക്കാമെങ്കില്‍ , സിനിമ കാണാമെങ്കില്‍ ,പുസ്തകം വായിക്കാമെങ്കില്‍ ഞങ്ങള്‍ പാടുക തന്നെ ചെയ്യും ഈ പറയുന്ന വിഷയം എത്രകണ്ട് മനസ്സിലാകും എന്നറിയില്ല ,കലാകാരന്മാര്‍ മിക്കവരും മാസശമ്ബളക്കാരല്ല ,ദിവസക്കൂലിക്കാരാണ് ! പലരുടെയും വരുമാനവും നീക്കിയിരിപ്പും ഏറിക്കുറഞ്ഞിരിക്കും എന്നത് വാസ്തവം തന്നെ , പക്ഷെ സ്വരുക്കൂട്ടിയ ഇത്തിരിയും കഴിഞ്ഞാല്‍ പിന്നെ ഒരു തരി വെളിച്ചം ഇല്ല ,ഒരു തിരിച്ചു കയറ്റത്തിന് ഏറ്റവും കൂടുതല്‍ കാത്തിരിക്കേണ്ട കൂട്ടര്‍ കലാകാരന്മാര്‍ തന്നെയാവും ! എല്ലാവരും സൗഖ്യമായി, എല്ലാവരും ജോലികള്‍ തുടങ്ങി എന്നുറപ്പായ, ഉറപ്പാക്കിയ ശേഷമേ കലാകാരന് തന്റെ കഴിവ് തൊഴിലാക്കാനുള്ള സാഹചര്യം ഇനിയുള്ളൂ !ഈ സത്യവും ,ഈ അനിശ്ചിതാവസ്ഥയും എല്ലാം തിരിച്ചറിയുമ്‌ബോളും, പണത്തേക്കാള്‍ , വരുമാനത്തേക്കാള്‍ പ്രധാനപ്പെട്ടതായി കലാകാരന്മാര്‍ കരുതുന്ന ചിലതുണ്ട് നില്ക്കാന്‍ ഒരു വേദി , മുന്നില്‍ ഇരിക്കുന്ന ആസ്വാദകര്‍ , ഒരു നല്ല വാക്ക് , ഒരു കയ്യടി , നന്നായി ഇനിയും നന്നാക്കാം എന്ന വേദിക്കു പുറകുവശത്തെ പ്രോത്സാഹനം ! ഈ ദുരിത സമയത്ത് ലോകാരോഗ്യസംഘടനയും , ഡോക്ടര്‍മാരും , ഇതാ ഇന്ന് സര്‍ക്കാരുകളും എല്ലാം ഓര്‍മിപ്പിക്കുന്നു വരാനിരിക്കുന്ന മാനസീക പിരിമുറുക്കങ്ങളെ കുറിച്ച് , അവ അതിജീവിക്കേണ്ട മാര്‍ഗങ്ങളില്‍ പ്രധാനം നിങ്ങളീ പറയുന്ന പാട്ടും കൂത്തും തന്നെയാണ് ! അതിനാല്‍ ഞങ്ങള്‍ പാട്ടും കൂത്തും നടത്തും , ഞങ്ങളുടെയും നിങ്ങളുടെയും മനസ്സുകള്‍ക്ക് വേണ്ടി , പാട്ടും കൂത്തുമല്ലാതെ മറ്റൊന്നും വശമില്ലതാനും.
പ്രാര്‍ത്ഥിക്കാന്‍ പറയുന്നവരോട് , ഇതുതന്നെയാണ് ഞങ്ങളുടെ പ്രാണനും പ്രാര്‍ത്ഥനയും അതിനാല്‍ ഉടലില്‍ ഉയിരുള്ളത്രയും നാള്‍ പാടും ,ആടും, പറയും.