ഓരോ പ്രദേശത്തിനും അതിന്റെതായ രാഷ്ട്രീയമുണ്ട്, ആ രാഷ്ട്രീയമാണ് കടക്കല്‍ ചന്ദ്രനുമുള്ളത്: സഞ്ജയ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 19 മാര്‍ച്ച് 2021 (10:58 IST)

'വണ്‍' എന്ന സിനിമയിലൂടെ മമ്മൂട്ടി കേരള മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരിക്കുന്നത് കാണാന്‍ ആയിരിക്കുകയാണ് ആരാധകര്‍. ഇതുവരെ സിനിമകളില്‍ കണ്ട മുഖ്യമന്ത്രി ആയിരിക്കില്ല കടക്കല്‍ ചന്ദ്രന്‍ എന്നത് ട്രെയിലര്‍ തന്നെ സൂചന നല്‍കിയിരുന്നു. എന്നാല്‍ മെഗാസ്റ്റാറിന്റെ കഥാപാത്രത്തിന് കടക്കല്‍ ചന്ദ്രന്‍ എന്ന പേര് നല്‍കിയത് എങ്ങനെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് തിരക്കഥാകൃത്തുക്കളിലൊരാളായ സഞ്ജയ്.

തുടക്കം മുതലേ ഈ കഥാപാത്രത്തിന് ചന്ദ്രന്‍ എന്ന പേരാണ് പരിഗണിച്ചത്. പിന്നീട് കടക്കല്‍ കൂടി ചേര്‍ത്തപ്പോഴാണ് കഥാപാത്രത്തിന് പൂര്‍ണത വന്നതെന്നും സഞ്ജയ് പറഞ്ഞു. ഓരോ കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോഴും അതിനു പിന്നില്‍ ഒരു കഥ ഉണ്ടാകും. ആ കഥാപാത്രത്തിന് സ്വഭാവം പോലും രൂപപ്പെടുത്തുവാന്‍ കാരണമായ ഒരു പശ്ചാത്തലം. അങ്ങനെയാണ് ചന്ദ്രന്‍ കൊല്ലം ജില്ലക്കാരനായിക്കൂടാ എന്ന ചിന്ത തങ്ങളില്‍ ഉണ്ടായതെന്ന് സഞ്ജയ് പറഞ്ഞു. ഓരോ പ്രദേശത്തിനും അതിന്റെതായ രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയമാണ് ചന്ദ്രനും ഉള്ളത്. നേതാക്കളുടെ പേരിനൊപ്പം സ്ഥലപ്പേര്‍ കൂടി ചേരുമ്പോഴുള്ള ഗാംഭീര്യം ചന്ദ്രനും ഉണ്ടായത് കടയ്ക്കല്‍ ഒപ്പം ചേര്‍ന്നപ്പോഴാണെന്ന് സഞ്ജയ് പറഞ്ഞു. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി, സഞ്ജയ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :