അഭിറാം മനോഹർ|
Last Modified വ്യാഴം, 5 ഡിസംബര്‍ 2024 (12:45 IST)
അല്ലു അര്ജുന് നാായകനായ പുഷ്പ 2 ആദ്യദിനം മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുമ്പോള്‍ കേരളത്തില്‍ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം. ഒരു മാസ് പടമെന്ന നിലയില്‍ തിയേറ്ററില്‍ ഒരു തവണ കാണാനുള്ള സിനിമയുണ്ടെന്നാണ് അധികം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. സിനിമയുടെ ആദ്യ ഹാഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തിയപ്പോള്‍ രണ്ടാം ഹാഫില്‍ കഥയാകെ മാറിമറിഞ്ഞെന്നാണ് പ്രേക്ഷക പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഫഹദ് ഫാസില്‍- അല്ലു അര്ജുന് ഈഗോ ക്ലാഷാകും സിനിമ മുഴുവന്‍ എന്ന് കരുതുന്നവരെ സിനിമ നിരാശരാക്കുമെന്ന് ഒരു കൂട്ടം ആരാധകര്‍ പറയുന്നു.
ഫഹദ് ഫാസിലിന്റെ സ്ക്രീന്‍ സമയം കുറവായിരുന്നെങ്കിലും ഫഹദ് തനിക്ക് കിട്ടിയ സമയം നന്നായി ഉപയോഗിച്ചിട്ടുണ്ട് എന്ന് പല പ്രേക്ഷകരും പറയുന്നു. എന്നാല്‍ അല്ലു അര്ജുന് ഇന്റര്‍നാഷ്ണല്‍ ലെവലിലേക്ക് പോവുമ്പോള്‍ അല്ലുവിനൊത്ത എതിരാളിയായി ഫഹദിന് മാറാന്‍ കഴിയുന്നില്ലെന്നും അല്ലു അര്ജുന് മുന്നില്‍ ഫഹദ് തീരെ ചെറുതാവുന്നുവെന്നും ഇത് ഫഹദ് ഫാസിലിനെ അപമാനിക്കുന്നത് പോലെയാണ് തോന്നുന്നതെന്നും പറയുന്നവര്‍ ഏറെയാണ്.
സെക്കന്‍ഡ് ഹാഫില്‍ സിനിമ ട്രാക്ക് മാറി ഇമോഷണലായി മാറുന്നതും ഒരു വിഭാഗത്തെ മടുപ്പിക്കുന്നുണ്ട്. സിനിമ മൂന്നാം ഭാഗത്തിന്റെ സൂചന നല്കുമ്പോള് മൂന്നാം ഭാഗത്തില്‍ ഫഹദ് ഇല്ലാതിരിക്കട്ടെ എന്ന് പറയുന്നവരും ഉണ്ട്.
അതേസമയം കേരളത്തിന് പുറത്ത് മികച്ച സ്വീകരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഹൈദരാബാദിലും ബെംഗളുരുവിലുമെല്ലാം വലിയ ജനക്കൂട്ടമാണ് സിനിമ കാണാനായി എത്തിയത്. തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദില്‍ ഒരു സ്ത്രീ മരണപ്പെടുകയും ചെയ്തിരുന്നു.