അഭിറാം മനോഹർ|
Last Modified വ്യാഴം, 21 നവംബര്‍ 2024 (12:42 IST)
ലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുഷ്പ 2: ദ റൂള്‍ റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മലയാളികളുടെ സ്വന്തം മല്ലു അര്ജുന് കേരളത്തിലെത്തുന്നു. നവംബര്‍ 27നാണ് അല്ലു അര്ജുന് കൊച്ചിയിലെത്തുന്നത്. നേരത്തെ പുഷ്പ 2 സിനിമയുടെ ട്രെയ്ലര് റിലീസിനായി ബിഹാറിലെത്തിയ അല്ലു അര്‍ജുനെ കാണാനായി ലക്ഷങ്ങളാണ് തടിച്ചുകൂടിയത്. കേരളത്തില്‍ അനവധി ആരാധകരുള്ള താരമാണ് അല്ലു അര്ജുന്.
ഡിസംബര്‍ അഞ്ചിന് തിയേറ്ററുകളിലെത്തുന്ന
സിനിമ ആദ്യ ഭാഗത്തേക്കാള്‍ കൂടുതല്‍ മുതല്‍ മുടക്കിലാണ് എത്തുന്നത്. പുഷ്പരാജായി അല്ലു അര്‍ജുനും ഭന്‍വര്‍ സിങ് ഷെഖാവത്തായി ഫഹദ് ഫാസിലും സിനിമയില്‍ നിറഞ്ഞാടിയിട്ടുണ്ടെന്ന സൂചനയാണ് ട്രെയ്ലര് നല്‍കുന്നത്. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുന്‍പ് തന്നെ പുഷ്പ 2 ഫാന്‍ ഷോ ടിക്കറ്റുകള്‍ കേരളത്തില്‍ വിറ്റു തീര്‍ന്നിരുന്നു. ഡിസംബര്‍ അഞ്ച് മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ 24 മണിക്കൂര്‍ സിനിമ പ്രദര്‍ശനമുണ്ടാകുമെന്നാണ് ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് സാരഥി മുകേഷ് മേത്ത അറിയിച്ചിരിക്കുന്നത്.