അഭിറാം മനോഹർ|
Last Modified വ്യാഴം, 19 ഡിസംബര്‍ 2024 (20:26 IST)
പുഷ്പ 2 റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ അല്ലു അര്‍ജുനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയായ പവന്‍ കല്യാണും തമ്മിലുള്ള അകല്‍ച്ച തുടരുന്നു. നേരത്തെ തന്നെ അല്ലു അര്‍ജുനും മെഗാ കുടുംബവും തമ്മില്‍ അകല്‍ച്ചയിലാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുഷ്പ 2 റിലീസ് ദിനത്തില്‍ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചതുമായി ബന്ധപ്പെട്ട് അല്ലു അര്‍ജുന്റെ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ചിരഞ്ജീവി തന്നെ നേരിട്ട് താരത്തെ സന്ദര്‍ശിച്ചെങ്കിലും അല്ലു- മെഗാകുടുംബവുമായുള്ള ബന്ധം പഴയ നിലയിലായിട്ടില്ലെന്നാണ് സൂചന.
അല്ലുവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ചിരഞ്ജീവിയുടെ അനിയനും അമ്മാവനുമായ പവന്‍ കല്യാണ്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഇതാണ് മെഗാകുടുംബവുമായി അല്ലുവിന്റെ ബന്ധം ഉലച്ചിലിലാണെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണമായിരിക്കുന്നത്. അല്ലുവും പവന്‍ കല്യാണും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ചിരഞ്ജീവി തന്നെ മുന്‍കൈ എടുക്കുന്നതായാണ് തെലുങ്ക് മാധ്യമങ്ങള്‍ പറയുന്നത്. പുഷ്പ 2 ഇന്ത്യയാകെ വലിയ വിജയമായതിനാല്‍ സിനിമയുടെ വിജയാഘോഷം വലിയ രീതിയില്‍ നടത്താന്‍ അണിയറപ്രവര്‍ത്തകര്‍ ശ്രമം നടത്തുന്നുണ്ട്.
എന്നാല്‍ ആന്ധ്രയില്‍ വിജയാഘോഷം സംഘടിപ്പിക്കണമെങ്കില്‍ ഉപമുഖ്യമന്ത്രിയായ പവന്‍ കല്യാണിന്റെ അനുമതി നിര്‍ണായകമാണ്. ഇത്തരത്തില്‍ അനുമതി ലഭിക്കാതിരിക്കുകയാണെങ്കില്‍ അത് അല്ലു- മെഗാ ഫാമിലിയുമായുള്ള പ്രശ്‌നങ്ങള്‍ ജനങ്ങളിലെത്തിക്കുമെന്നാണ് ചിരഞ്ജീവി കണക്കാക്കുന്നത്. ഇതിന്റെ ഭാഗമായാണ് പവന്‍ കല്യാണുമായി ചിരഞ്ജീവി നേരിട്ട് ബന്ധപ്പെട്ടത്. കൂടാതെ അല്ലു അര്‍ജിന്റെ അറസ്റ്റില്‍ ടിഡിപി, വൈഎസ്ആര്‍ പാറ്ട്ടികള്‍ അല്ലുവിന് പിന്തുണ നല്‍കിയിട്ടുണ്ട്. തെലങ്കാനയില്‍ ബിആര്‍എസും അല്ലുവിനൊപ്പമുണ്ട്.
എന്നാല്‍ സ്വന്തം അമ്മാവനായിട്ടും പവന്‍ കല്യാണ്‍ വിഷയത്തില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല. അല്ലുവിന് ജാമ്യം നിഷേധിച്ചതിനെ എതിര്‍ത്തി നിയമനടപടികള്‍ക്ക് ശ്രമിച്ചതുമില്ല. അല്ലുവിന്റെ ജനങ്ങള്‍ക്കിടയിലെ സ്വീകാര്യത മുതലെടുക്കാന്‍ താരത്തിന് പവന്‍ കല്യാണ്‍ പിന്തുണ നല്‍കണമെന്ന ആവശ്യം പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയരുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ചിരഞ്ജീവി തന്നെ മുന്നോട്ട് ഇറങ്ങിയിരിക്കുന്നത്.