പുഷ്പ 2 റിലീസ് സമയത്ത് തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുനെ അറസ്റ്റ് ചെയ്തതും ജാമ്യത്തിൽ വിട്ടതും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു ദിവസത്തെ ജയിൽ ജീവിതത്തിന് ശേഷം തിരിച്ചെത്തിയ അല്ലു അർജുന് വമ്പൻ സ്വീകരണമായിരുന്നു വീട്ടുകാർ ഒരുക്കിയത്. പിന്നാലെ നിരവധി സിനിമാതാരങ്ങൾ നടനെ കാണാനെത്തുകയും അതിന്റെ ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയുമുണ്ടായി.
നാഗ ചൈതന്യ, റാണാ, പ്രഭാസ്, വിജയ് ദേവരക്കോണ്ട തുടനകിയ താരങ്ങൾക്കൊപ്പം വർത്താനം പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന അല്ലു അർജുന്റെ ഫോട്ടോസും വീഡിയോസും സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ, താരത്തിനെതിരെ കടുത്ത വിമർശനവും ഉയർന്നു. തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച യുവതിയുടെ മകൻ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ തുടരുന്ന ഈ സമയത്ത് ഇത്തരം ആഘോഷങ്ങൾ വേണമായിരുന്നോ എന്നാണ് പലരും സമൂഹ മാധ്യമങ്ങളിലൂടെ ചോദിക്കുന്നത്.
ഒപ്പം നടൻ ഇതുവരെ മരിച്ച യുവതിയുടെ വീട് സന്ദര്‍ശിച്ചിട്ടില്ലെന്നും ചിലർ വിമർശിക്കുന്നുണ്ട്. ഇതിന് അല്ലു തന്നെ മറുപടി നലകുന്നുണ്ട്. തന്റെ നിയമവിദഗ്ധർ വിലക്കിയത് കൊണ്ട് മാത്രമാണ് കുട്ടിയെ കാണാൻ പോകാതിരുന്നതെന്നാണ് അല്ലുവിന്‍റെ വിശദീകരണം. സമൂഹ മാധ്യമങ്ങളിലൂടെയാണ് നടന്റെ പ്രതികരണം.
ഇക്കഴിഞ്ഞ ഡിസംബർ നാലാം തീയതി ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചിത്രത്തിന്റെ പ്രീമിയർ ഷോ കാണാനെത്തിയ ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39)യാണ് തിയേറ്ററിലെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്. തിയേറ്ററിലെത്തിയ അല്ലു അർജുനെ കാണാൻ ആളുകൾ തിരക്ക് കൂടിയതാണ് ദാരുണസംഭവം ഉണ്ടാകാന് കാരണം.