'അവർ വിലക്കിയത് കൊണ്ടാണ് ആ കുഞ്ഞിനെയും രേവതിയുടെ കുടുംബത്തെയും കാണാൻ ഇതുവരെ പോകാത്തത്': വിമർശകർക്ക് അല്ലു അർജുന്റെ മറുപടി

'നിയമവിദഗ്ധർ വിലക്കിയത് കൊണ്ടാണ് ആ കുഞ്ഞിനെ കാണാൻ പോകാത്തത്'; വിമർശനങ്ങളിൽ പ്രതികരിച്ച് അല്ലു

നിഹാരിക കെ എസ്| Last Modified തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (10:09 IST)
പുഷ്പ 2ന്റെ റിലീസ് വേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ട യുവതിയുടെ കുടുംബത്തെ സന്ദർശിക്കാൻ അല്ലു അർജുൻ പോകാത്തതിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. മരണപ്പെട്ട രേവതിയുടെ മകൻ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. ഈ കുട്ടിയെ കാണാൻ തനിക്ക് ഒരുപാട് ആഗ്രഹമുണ്ടെന്നും എന്നാൽ, തന്റെ നിയമവിദഗ്ധർ വിലക്കിയത് കൊണ്ട് മാത്രമാണ് കുട്ടിയെ കാണാൻ പോകാതിരുന്നതെന്നും അല്ലു അർജുൻ വിശദീകരിക്കുന്നു.

'ആ നിർഭാഗ്യകരമായ സംഭവത്തിന് ശേഷം ചികിത്സയിൽ കഴിയുന്ന കുട്ടിയെക്കുറിച്ച് എനിക്ക് അതീവ ഉത്കണ്ഠയുണ്ട്. എന്നാൽ നിയമനടപടികൾ നടക്കുന്നതിനാൽ, ആ കുഞ്ഞിനേയും കുടുംബത്തെയും ഈ സമയത്ത് സന്ദർശിക്കരുതെന്ന് എനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടിയെ സന്ദർശിക്കുന്നത് സാക്ഷികളെ സ്വാധീനിക്കുന്ന തരത്തിൽ വ്യാഖ്യാനം ചെയ്യപ്പെടും. കുട്ടിയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു. ആ കുഞ്ഞിനേയും കുടുംബത്തെയും എത്രയും വേഗം കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നു,' എന്ന് നടൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

അല്ലു അർജുൻ ജയിൽ മോചിതനായതിന് പിന്നാലെ പിന്നാലെ നിരവധി സിനിമാതാരങ്ങൾ നടനെ കാണാനെത്തുകയും അതിന്റെ ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയുമുണ്ടായി. ഇതിനെ തുടർന്നാണ് അല്ലു അർജുനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നത്. തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച യുവതിയുടെ മകൻ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ തുടരുന്ന ഈ സമയത്ത് ഇത്തരം ആഘോഷങ്ങൾ വേണമായിരുന്നോ എന്നാണ് പലരും സമൂഹ മാധ്യമങ്ങളിലൂടെ ചോദിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :