കെ ആര്‍ അനൂപ്|
Last Modified ശനി, 12 ജൂണ്‍ 2021 (09:07 IST)
മലയാളികളുടെ പ്രിയതാരമാണ് പൃഥ്വിരാജ്. കരിയറിലെ തുടക്കകാലത്ത് ഉണ്ടായ അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടന്‍. ഫാസില്‍ സംവിധാനം ചെയ്ത കൈയ്യെത്തും ദൂരത്ത് എന്ന സിനിമയുടെ സ്‌ക്രീന്‍ ടെസ്റ്റില്‍ പൃഥ്വി പങ്കെടുത്തിരുന്നു. സംവിധായകന്‍ വിളിപിച്ച പ്രകാരം അദ്ദേഹത്തിന്റെ ആലപ്പുഴയിലെ വീട്ടില്‍ വെച്ചാണ് സ്‌ക്രീന്‍ ടെസ്റ്റ് നടന്നത്. പക്ഷേ ആ സിനിമയില്‍ നായകനായി എത്തിയത് ഫഹദ് ആണ്.
സ്‌ക്രീന്‍ ടെസ്റ്റ് കഴിഞ്ഞതിന് ശേഷം ഈ സിനിമയല്ല നിനക്ക് ചേരുന്നതെന്നും നീ ഒരു ആക്ഷന്‍ പടത്തിലാണ് അഭിനയിക്കേണ്ടതെന്നുമാണ് ഫാസില്‍ പറഞ്ഞതെന്നും പൃഥ്വിരാജ് പറയുന്നു. പിന്നീട് താന്‍ ഓസ്‌ട്രേലിയയിലേക്ക് പോയെന്നും ആ സിനിമയില്‍ ഫഹദ് ഫാസില്‍ നായകനായി അഭിനയിച്ചെന്നും പൃഥ്വിരാജ് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പിന്നീട് നന്ദനം സിനിമയിലേക്ക് തന്നെ നിര്‍ദ്ദേശിച്ചത് ഫാസില്‍ തന്നെയായിരുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.