'ശരീരത്തിന് പരിമിതികൾ ഉണ്ട്, പക്ഷേ മനസ്സിന് അതുണ്ടാകില്ല', ആടുജീവിതം ഷൂട്ടിങ്ങിനുശേഷം ഫിറ്റ്നസ് വീണ്ടെടുത്ത് പൃഥ്വിരാജ്

ഗേളി ഇമ്മാനുവല്‍| Last Modified ചൊവ്വ, 26 മെയ് 2020 (19:20 IST)
ആടുജീവിതം സിനിമയ്ക്കായി മുപ്പതു കിലോയോളം ശരീരഭാരം കുറച്ച പൃഥ്വിരാജ് ഷൂട്ടിങ്ങിനു ശേഷം കഠിനപ്രയത്നത്തിലൂടെ ശരീരഭാരം തിരിച്ചു പിടിക്കുകയാണ്. പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിലൂടെ പുതിയ ചിത്രം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. താരത്തിൻറെ ജിം ബോഡി ചിത്രത്തിനൊപ്പം പൃഥ്വിരാജ് പങ്കുവെച്ച കുറിപ്പാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുകയാണ്.

ശരീരത്തിന് പരിമിതികൾ ഉണ്ട്, പക്ഷെ മനസ്സിന് അതുണ്ടാകില്ല. ഷൂട്ടിങ് കഴിഞ്ഞ് ഒരു മാസത്തിനകം ബോഡി ഫിറ്റ്നസ് വീണ്ടെടുത്ത പൃഥ്വിയുടെ വാക്കുകളാണിത്.
മെലിഞ്ഞ ശരീരത്തിൽ ആടുജീവിതത്തിൻറെ അവസാനത്തെ ഷോട്ട് എടുത്തിട്ട് ഒരു മാസമാകുന്നു. അവസാന ദിവസം എന്റെ ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് അപകടകരമായ രീതിയില്‍ കുറഞ്ഞിരുന്നു. അതു കഴിഞ്ഞ് ഒരു മാസത്തിനുശേഷം ലഭിച്ച വിശ്രമവും ട്രെയിനിംഗും ഇന്ധനവും എന്നെ ഇവിടെ എത്തിച്ചു. തളർന്നുപോയ എന്നെ കണ്ട ഷൂട്ടിംഗ് സംഘം ഇപ്പോൾ അത്ഭുതപ്പെടുമെന്ന് ഞാൻ കരുതുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു.

ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ തന്നെ സഹായിച്ച ന്യൂട്രിഷനിസ്റ്റും ട്രെയിനറുമായ അജിത് ബാബുവിനും ശരീരം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ അനുവദിച്ച ബ്ലെസിക്കും ആടുജീവിതം ടീമിനും ഇൻസ്റ്റഗ്രാമിലൂടെ പൃഥ്വിരാജ് നന്ദി പറയുന്നുണ്ട്. ദുൽഖർ സൽമാൻ, ടോവിനോ തോമസ്, നീരജ് മാധവ്, സുപ്രിയ മേനോൻ എന്നിവരെല്ലാം ചിത്രത്തിന് പ്രതികരണവുമായി എത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :