രേണുക വേണു|
Last Modified തിങ്കള്‍, 3 നവംബര്‍ 2025 (17:56 IST)
Mammootty: കടുത്ത മത്സരത്തിനൊടുവിലാണ് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തതെന്ന സൂചന നല്‍കി ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ്. ആസിഫ് അലിയുടെ നാല് സിനിമകള്‍, ടൊവിനോ തോമസിന്റെ അജയന്റെ രണ്ടാം മോഷണത്തിലെ മൂന്ന് കഥാപാത്രങ്ങള്‍ ഇതെല്ലാം ഉള്ളപ്പോഴും ഭ്രമയുഗത്തിലെ മമ്മൂട്ടി വേറിട്ടുനിന്നെന്ന് പ്രകാശ് രാജ് പറഞ്ഞു.
കൊടുമണ്‍ പോറ്റി, ചാത്തന്‍ എന്നീ രണ്ട് കഥാപാത്രങ്ങളെ ഏകശരീരത്തിലേക്ക് ആവാഹിച്ചുകൊണ്ട് അധികാരത്തിനകത്തെ പൈശാചികതയെ അതിശക്തമായും സൂക്ഷമമായും ആവിഷ്‌കരിച്ച ഭാവാഭിനയ മികവിനാണ് മമ്മൂട്ടി പുരസ്‌കാരത്തിനു അര്‍ഹനായിരിക്കുന്നത്.
' ശരിയാണ്, മമ്മൂട്ടി മത്സരിക്കുന്നത് യുവ നടന്‍മാരോടാണ്. പക്ഷേ അനുഭവസമ്പത്തിന്റെ പേരില്‍ നമുക്ക് ഒരാളെ മാറ്റിനിര്‍ത്താന്‍ സാധിക്കില്ല. ഭ്രമയുഗത്തിലെ മമ്മൂക്കയുടെ പ്രകടനം ഗംഭീരമാണ്. യുവ അഭിനേതാക്കള്‍ ഈ ഭാവാഭിനായം കണ്ടുപഠിക്കണം. ടൊവിനോയുടെ എആര്‍എമ്മിലെ പ്രകടനം കണ്ടു, ആസിഫ് അലിയുടെ നാല് സിനിമകള്‍ കണ്ടു കഥാപാത്രങ്ങള്‍ക്കു വേണ്ടി അവര്‍ വലിയ പരിശ്രമം നടത്തിയിട്ടുണ്ട്. അതെല്ലാം മമ്മൂട്ടിയും മോഹന്‍ലാലും പോലുള്ള മഹാനടന്‍മാരുടെ പ്രചോദനം കൊണ്ട് കൂടിയാകും. അപ്പോഴും ഭ്രമയുഗത്തിലെ കഥാപാത്രമായി മാറാന്‍ നടത്തിയിരിക്കുന്ന വൈവിധ്യം അല്ലെങ്കില്‍ സ്വന്തം ശരീരത്തെ പൂര്‍ണമായി ഇല്ലാതാക്കി കഥാപാത്രത്തിനായുള്ള മാറ്റത്തില്‍ എനിക്ക് അദ്ദേഹത്തോടു അസൂയ തോന്നി. യുവതാരങ്ങള്‍ ആ ലെവലിലേക്ക് ഉയരാനാണ് നോക്കേണ്ടത്,' പ്രകാശ് രാജ് പറഞ്ഞു.