അഭിറാം മനോഹർ|
Last Modified ബുധന്‍, 29 മെയ് 2024 (19:37 IST)
2015ല്‍ പൃഥ്വിരാജ്,ജയസൂര്യ,ഇന്ദ്രജിത്ത് എന്നിവരെ നായകന്മാരാക്കി നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമ ആ വര്‍ഷത്തെ വമ്പന്‍ വിജയങ്ങളില്‍ ഒന്നായിരുന്നു. മലയാളത്തിലെ മൂന്ന് പ്രധാനതാരങ്ങള്‍ അണിനിരന്ന സിനിമയില്‍ ഫൈസി എന്ന കഥാപാത്രമായി ആസിഫ് അലിയും എത്തിയിരുന്നു. വളരെ ചുരുങ്ങിയ സമയം മാത്രമെ സിനിമയിലുണ്ടായിരുന്നെങ്കിലും ആസിഫിന്റെ റോളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സിനിമയിലെ മൂന്ന് പ്രധാന കഥാപാത്രങ്ങളിലൊരാളായി അഭിനയിക്കേണ്ടിയിരുന്നത് ആസിഫലി ആയിരുന്നെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സിനിമയിലെ സംവിധായകനായ നാദിര്‍ഷ.
അമര്‍ അക്ബര്‍ അന്തോണിക്ക് ഒരു രണ്ടാം ഭാഗമുണ്ടാവുകയാണെങ്കില്‍ അതില്‍ ആസിഫ് അലിക്ക് കുറച്ച് കൂടി പ്രാധാന്യമുണ്ടാകുമെന്ന് തന്റെ പുതിയ സിനിമയായ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിനിടെ നാദിര്‍ഷ പറഞ്ഞു. ആസിഫിനോട് എനിക്ക് വലിയ കടപ്പാടുണ്ട്. കാരണം അമര്‍ അക്ബര്‍ അന്തോണിയുടെ കഥ എഴുതിയപ്പോള്‍ സിനിമയിലെ മൂന്ന് കഥാപാത്രങ്ങളില്‍ ഒരാള്‍ ആസിഫായിരുന്നു. പിന്നീടാണ് കഥ പൃഥിയിലേക്ക് എത്തുന്നത്. കഥ കേട്ടുകഴിഞ്ഞപ്പോള്‍ രാജു പറഞ്ഞത് ആസിഫിനോട് എടാ, പോടാ എന്നൊക്കെ വിളിക്കുമ്പോള്‍ ഡിസ്റ്റന്‍സ് ഫീല്‍ ചെയ്യുമെന്നും ക്ലാസ്‌മേറ്റ്‌സ് ടീമിനെ തന്നെ കിട്ടിയാല്‍ കംഫര്‍ട്ട് ആയിരിക്കുമെന്നാണ്. ഇക്കാര്യം ആസിഫിനോട് പറഞ്ഞപ്പോള്‍ ഒരു മടിയും കൂടാതെ അവന്‍ പിന്മാറി. സിനിമയില്‍ ഫൈസി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. ഒരു പരാതിയുമില്ലാതെയാണ് ആസിഫ് ആ സിനിമ ചെയ്തത്. നാദിര്‍ഷ പറഞ്ഞു.