നിര്‍ബന്ധമായും കാണേണ്ട അഞ്ച് മോഹന്‍ലാല്‍ സിനിമകള്‍

രേണുക വേണു| Last Modified ശനി, 21 മെയ് 2022 (12:29 IST)

മലയാളത്തിന്റെ നടനവിസ്മയമാണ് മോഹന്‍ലാല്‍. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച മോഹന്‍ലാലിന്റെ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട അഞ്ച് സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം

1. ഇരുവര്‍

മോഹന്‍ലാല്‍ പൂര്‍ണമായും തന്റെ ലാല്‍ ഭാവങ്ങള്‍ ഉപേക്ഷിച്ച് കഥാപാത്രമായി നിറഞ്ഞാടിയ സിനിമ. മണിരത്നം സംവിധാനം ചെയ്ത ഇരുവരില്‍ എംജിആറിന്റെ ജീവിതമാണ് മോഹന്‍ലാല്‍ പകര്‍ന്നാടിയത്. 1997 ല്‍ റിലീസ് ചെയ്ത ചിത്രം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ്. സൂക്ഷ്മാഭിനയത്തിലൂടെ മോഹന്‍ലാല്‍ എല്ലാവിധ പ്രേക്ഷകരേയും ഞെട്ടിച്ചു.

2. വാനപ്രസ്ഥം

ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത വാനപ്രസ്ഥം 1999 ലാണ് റിലീസ് ചെയ്തത്. കുഞ്ഞിക്കുട്ടന്‍ എന്ന കഥകളി കലാകാരനായി മോഹന്‍ലാല്‍ ഗംഭീര പ്രകടനം കാഴ്ചവച്ചു. മികച്ച നടനുള്ള ദേശീയ അവാര്‍ഡും ഈ സിനിമയിലെ പ്രകടനത്തിനു മോഹന്‍ലാല്‍ കരസ്ഥമാക്കി. ശരീരം കൊണ്ടും മുഖം കൊണ്ടും അടിമുടി കഥകളിക്കാരനായി മോഹന്‍ലാല്‍ പെര്‍ഫോം ചെയ്തു.

3. സ്ഫടികം

മോഹന്‍ലാലിന്റെ മാസ് കഥാപാത്രങ്ങളില്‍ സ്ഫടികത്തിലെ ആട് തോമയ്ക്ക് മുകളില്‍ നില്‍ക്കുന്ന ഒരു കഥാപാത്രമില്ല. ഒരേസമയം മാസും ക്ലാസുമായിരുന്നു ആട് തോമ. ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം 1995 ലാണ് റിലീസ് ചെയ്തത്. തിലകന്‍-മോഹന്‍ലാല്‍ കോംബിനേഷന്‍ സീനുകള്‍ ഇപ്പോഴും ആരാധകരെ ത്രസിപ്പിക്കുന്നതാണ്.

4. ദശരഥം

സിബി മലയില്‍ സംവിധാനം ചെയ്ത ദശരഥത്തിലെ രാജീവ് എന്ന കഥാപാത്രം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്. അനാഥത്വത്തിന്റേയും ഒറ്റപ്പെടലിന്റേയും മാനസിക വിഷമങ്ങളെ മോഹന്‍ലാല്‍ ഏറ്റവും മികച്ച രീതിയില്‍ തിരശീലയിലേക്ക് പകര്‍ത്തി. 1989 ലാണ് ചിത്രം റിലീസ് ചെയ്തത്.

5. അയാള്‍ കഥയെഴുതുകയാണ്

സാഗര്‍ കോട്ടപ്പുറം എന്ന എഴുത്തുകാരനായി മോഹന്‍ലാല്‍ അഴിഞ്ഞാടിയ സിനിമയാണ് അയാള്‍ കഥയെഴുതുകയാണ്. കമല്‍ സംവിധാനം ചെയ്ത ചിത്രം 1998 ലാണ് റിലീസ് ചെയ്തത്. മദ്യപാനിയായ സാഗര്‍ കോട്ടപ്പുറത്തെ മലയാളി അത്ര പെട്ടന്നൊന്നും മറക്കില്ല. പ്രേക്ഷകരെ ചിരിപ്പിക്കാന്‍ മോഹന്‍ലാലിനുള്ള അസാമാന്യ വൈഭവം നന്നായി ഉപയോഗിച്ച സിനിമ.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :