രേണുക വേണു|
Last Modified വെള്ളി, 10 സെപ്‌റ്റംബര്‍ 2021 (09:35 IST)
കുറേക്കാലമായുള്ള മനസിലെ ആഗ്രഹം നിറവേറ്റി മലയാളികളുടെ സ്വന്തം ലാലേട്ടന്‍. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിനാണ് ഗുരുവായൂരപ്പനെ വണങ്ങാന്‍ മോഹന്‍ലാല്‍ എത്തിയത്. അഷ്ടപദിയിലെ ദശാവതാരസ്തുതി കേട്ട് ശംഖാഭിഷേകവും കണ്ടാണ് ലാല്‍ ഗുരുവായൂരപ്പനെ വണങ്ങിയത്. നറുനെയ്യും കദളിപ്പഴവും പട്ടും പണവും താമരയും സോപാനത്ത് സമര്‍പ്പിച്ചു. നിര്‍മ്മാല്യവും വാകച്ചാര്‍ത്തും തൊഴുതാണ് ലാല്‍ മടങ്ങിയത്. യുവ സോപാനഗായകന്‍ രാമകൃഷ്ണയ്യര്‍ സോപാനശൈലിയില്‍ ഗീതഗോവിന്ദത്തിലെ ദശാവതാരസ്തുതി ആലപിച്ചപ്പോള്‍ ലാല്‍ അതുകേട്ട് മുഴുകിനിന്നു. ഗായകനെ അനുമോദിച്ച് ദക്ഷിണ സമര്‍പ്പിക്കാനും മോഹന്‍ലാല്‍ മറന്നില്ല. കുറേക്കാലമായി താന്‍ ഗുരുവായൂരപ്പനെ തൊഴുതിട്ടെന്നും ഇപ്പോള്‍ ഗുരുവായൂര്‍ എത്താന്‍ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു.