ചായക്കടയിലിരിക്കുന്ന രഘുവിനെ ജോര്‍ജും ശ്രീനിവാസനും കണ്ടു; ഒടുവില്‍ സിനിമയിലേക്ക്

നെല്‍വിന്‍ വില്‍സണ്‍| Last Modified ചൊവ്വ, 4 മെയ് 2021 (09:15 IST)

മേള രഘു സിനിമയിലേക്ക് എത്തുന്നത് വളരെ അപ്രതീക്ഷിതമായാണ്. സംവിധായകന്‍ കെ.ജി.ജോര്‍ജും ശ്രീനിവാസനും രഘുവിനെ കണ്ടുമുട്ടിയത് ഒരു ചായക്കടയില്‍ വച്ച്. ജോര്‍ജും ശ്രീനിവാസനും ഒന്നിച്ച് ഒരു യാത്രയിലായിരുന്നു. അതിനിടയിലാണ് ചായക്കടയില്‍ ചായകുടിച്ചുകൊണ്ടിരിക്കുന്ന ഒരു പൊക്കം കുറഞ്ഞ മനുഷ്യനെ ഇരുവരും ശ്രദ്ധിക്കുന്നത്. രഘുവിനെ മേളയിലെ നായകനാകാന്‍ ജോര്‍ജ് ക്ഷണിക്കുന്നത് ഇവിടെ നിന്നാണ്. രാമചന്ദ്രബാബു ക്യാമറ ടെസ്റ്റ് നടത്തി. മമ്മൂട്ടിക്കൊപ്പം വളരെ പ്രധാനപ്പെട്ട വേഷത്തിലാണ് പിന്നീട് കെ.ജി.ജോര്‍ജ് ചിത്രമായ മേളയില്‍ രഘു പ്രത്യക്ഷപ്പെട്ടത്.


അപൂര്‍വമായൊരു ഭാഗ്യം തന്റെ സിനിമാ ജീവിതത്തില്‍ സ്വന്തമാക്കിയാണ് രഘു വിടപറയുന്നത്. മമ്മൂട്ടിക്കൊപ്പം സിനിമയില്‍ അരങ്ങേറിയ മേള രഘു മരണത്തിനു മുന്‍പ് അവസാനം അഭിനയിച്ചത് മോഹന്‍ലാലിനൊപ്പം.

കെ.ജി.ജോര്‍ജ് സംവിധാനം ചെയ്ത മേളയിലൂടെയാണ് രഘു അരങ്ങേറ്റം കുറിച്ചത്. രഘു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മേള രഘു എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. മേളയില്‍ മമ്മൂട്ടിക്കൊപ്പം വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് രഘു അവതരിപ്പിച്ചത്. മേളയില്‍ മമ്മൂട്ടിയേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്ന കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റേത്. ഒരു സര്‍ക്കസ് കൂടാരത്തിലെ കഥയാണ് മേളയില്‍ പറഞ്ഞത്.


ഇന്ന് പുലര്‍ച്ചെയോടെയാണ് മേള രഘുവിന്റെ അന്ത്യം. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. കഴിഞ്ഞ മാസം 16 ന് വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുത്തന്‍വെളി ശശിധരന്‍ എന്നാണ് മുഴുവന്‍ പേര്.

മേളയ്ക്ക് ശേഷം മുപ്പതോളം സിനിമയില്‍ രഘു അഭിനയിച്ചു. കമല്‍ഹാസനൊപ്പം അപൂര്‍വസഹോദരങ്ങള്‍ എന്ന ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തി. തെന്നിന്ത്യയിലെ ആദ്യത്തെ പൊക്കംകുറഞ്ഞ നായകനടനാണ് മേള രഘു. ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ദൃശ്യം-2 വിലാണ് മേള രഘു അവസാനമായി അഭിനയിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :