മഞ്ജു വാര്യരുടെ മികച്ച അഞ്ച് കഥാപാത്രങ്ങള്‍; ഈ സിനിമകളിലെ പ്രകടനം കാണാതിരിക്കരുത്

രേണുക വേണു| Last Modified തിങ്കള്‍, 21 ഫെബ്രുവരി 2022 (15:01 IST)

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. തൊണ്ണൂറുകളുടെ അവസാനത്തില്‍ മഞ്ജു വാര്യര്‍ അഭിനയിച്ച സിനിമകളെല്ലാം മലയാളത്തില്‍ വലിയ ഹിറ്റുകളായിരുന്നു. പിന്നീട് തന്റെ രണ്ടാം വരവിലും മഞ്ജു പ്രേക്ഷകരെ പലവട്ടം ഞെട്ടിച്ചു. മഞ്ജു വാര്യരുടെ ഏറ്റവും കരുത്തുറ്റതും മികച്ചതുമായ അഞ്ച് കഥാപാത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം

1. ഭാനു (കന്മദം)

ലോഹിതദാസ് സംവിധാനം ചെയ്ത് 1998 ല്‍ റിലീസ് ചെയ്ത ചിത്രമാണ് കന്മദം. മോഹന്‍ലാലും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഒരു കുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ മുഴുവന്‍ ഒറ്റയ്ക്ക് ചുമലിലേറ്റിയ ഭാനു എന്ന കഥാപാത്രത്തെ മഞ്ജു അവിസ്മരണീയമാക്കി.

2. ദേവിക ശേഖര്‍ (പത്രം)

മഞ്ജു വാര്യരുടെ തീപ്പൊരി കഥാപാത്രമാണ് പത്രത്തിലെ ദേവിക ശേഖര്‍. രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത്. ഡയലോഗ് ഡെലിവറി കൊണ്ട് പോലും മഞ്ജു ഞെട്ടിച്ച കഥാപാത്രം.

3. ഭദ്ര (കണ്ണെഴുതി പൊട്ടുംതൊട്ട്)

കണ്ണുകളില്‍ പകയുടെ തീക്ഷണതയുമായി ഭദ്രയെന്ന കഥാപാത്രത്തെ മഞ്ജു അവിസ്മരണീയമാക്കി. തന്റെ കുടുംബം ഇല്ലാതാക്കിയവരോട് കാമത്തിലൂടേയും പ്രണയത്തിലൂടേയും പ്രതികാരം ചെയ്യാനെത്തിയ ഭദ്രയെ തെല്ലിട അമിതാഭിനയത്തിലേക്ക് പോകാതെ മഞ്ജു മികച്ചതാക്കി.

4. ഉണ്ണിമായ (ആറാം തമ്പുരാന്‍)

മോഹന്‍ലാലിനൊപ്പം മഞ്ജു നിറഞ്ഞാടിയ ചിത്രം. ഇരുവരുടേയും കോംബിനേഷന്‍ സീനുകള്‍ക്ക് ഇന്നും ആരാധകരുണ്ട്. 1997 ല്‍ റിലീസ് ചെയ്ത ചിത്രം തിയറ്ററുകളിലും സൂപ്പര്‍ഹിറ്റായി.

5. അഭിരാമി (സമ്മര്‍ ഇന്‍ ബത്ലഹേം)

1998 ലാണ് സമ്മര്‍ ഇന്‍ ബത്ലഹേം റിലീസ് ചെയ്തത്. ജയറാം, സുരേഷ് ഗോപി, മോഹന്‍ലാല്‍ എന്നീ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം മഞ്ജുവും നിറഞ്ഞാടി. വായാടിയായ ആമി (അഭിരാമി) എന്ന കഥാപാത്രം തിയറ്ററുകളില്‍ ഏറെ ആഘോഷിക്കപ്പെട്ടു. മഞ്ജുവിന്റെ കഥാപാത്രത്തിനു ഇന്നും ഏറെ ആരാധകരുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :