പല രീതിയിലുള്ള വിമര്‍ശനങ്ങള്‍ കേട്ടു,സിനിമയായി തന്നെ കണ്ടാല്‍ നന്നായി ആസ്വദിക്കാം, 'മാളികപ്പുറം' സിനിമയ്ക്ക് കൈയ്യടിച്ച് മേജര്‍ രവി

കെ ആര്‍ അനൂപ്| Last Modified ശനി, 7 ജനുവരി 2023 (15:09 IST)
ഉണ്ണി മുകുന്ദന്റെ മാളികപ്പുറം കഴിഞ്ഞദിവസം മുതലാണ് കേരളത്തിന് പുറത്ത് പ്രദര്‍ശനം ആരംഭിച്ചത്. സിനിമയെ പ്രശംസിച്ച് സംവിധായകന്‍ മേജര്‍ രവി.പാര്‍ട്ടിയുടേയോ മതത്തിന്റെയോ പേരില്‍ മാറ്റി നിര്‍ത്തപ്പെടുകയോ അവ ഹേളിക്കുകയോ ചെയ്യാതെ ഇതിനെ ഒരു സിനിമയായി തന്നേ കണ്ടാല്‍ നന്നായി ആസ്വദിക്കാന്‍ പറ്റുന്ന സിനിമയാകും മാളികപ്പുറം എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നാണ് അദ്ദേഹം കുറിക്കുന്നത്.

മേജര്‍ രവിയുടെ വാക്കുകള്‍

ഞാന്‍ ഇന്നലെ ചെന്നൈ വെച്ച് മാളികപ്പുറം എന്ന സിനിമ കാണുകയുണ്ടായി..
കുറേ കാലത്തിനു ശേഷം കണ്ടിരിക്കാനും ആസ്വദിക്കാനും ചിന്തിപ്പിക്കാനും കരയിപ്പിക്കാനും ഒക്കെ സാധിച്ച ഒരു മലയാള സിനിമ.

എന്റെ മനസ്സിനേ ആഴത്തില്‍ സ്പര്‍ശിച്ച ഈ ചിത്രത്തെ കുറിച്ച് പല രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഞാന്‍ കേട്ടു. ഏതെങ്കിലും ഒരു പാര്‍ട്ടിയുടേയോ മതത്തിന്റെയോ പേരില്‍ മാറ്റി നിര്‍ത്ത പ്പെടുകയോ അവ ഹേളിക്കുകയോ ചെയ്യാതെ ഇതിനെ ഒരു സിനിമയായി തന്നേ കണ്ടാല്‍ നന്നായി ആസ്വദിക്കാന്‍ പറ്റുന്ന സിനിമയാകും മാളികപ്പുറം എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കുടുംബ പ്രാരാബ്ധങ്ങളിലൂടെ ജീവിതം തള്ളിനീക്ക പ്പെടുമ്പോഴും തന്റെ കുഞ്ഞിനോട് ഒരച്ഛന്‍ കാണിക്കുന്ന കമീറ്റ്‌മെന്റ്... അത് സൈജു കുറുപ്പ് വളരെ മനോഹരമായി ചെയ്തിരിക്കുന്നു.. ആ കഥാപാത്രത്തിന്റെ ജീവിത യാത്രയുടെ പല ഭാഗങ്ങളും ഒരു സിനിമാസ്വാദകന്‍ എന്ന നിലയില്‍ എന്റെ കണ്ണുകള്‍ നനയിച്ചു.. ഞാന്‍ അറിയാതെ എവിടേയ്ക്ക് ഒക്കെയോ എന്റെ മനസ്സ് സഞ്ചരിച്ചു.. അത്‌പോലെ മാളികപ്പുറം എന്ന സിനിമയില്‍ അഭിനയിച്ചിരിക്കുന്ന ദേവനന്ദ, അവളുടെ സുഹൃത്തായ ശ്രീപദ് എന്നീ കുട്ടികളുടെ നിഷ്‌കളങ്ക ബാല്യ കാലം ഒക്കെ എത്ര മനോഹരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.. ഈ ചിത്രം കണ്ട് കഴിഞ്ഞപ്പോള്‍ എനിക്ക് ഇതിനെ കുറിച്ച് എഴുതണം എന്ന് തോന്നിയത് കൊണ്ടാണ് ഞാന്‍ ഇപ്പൊള്‍ എഴുതുന്നത്..
ഉണ്ണി മുകുന്ദന്‍ എന്ന താരത്തിന്റെ സ്‌ക്രീന്‍ പ്രെസന്‍സാണ് ചിത്രത്തിന്റെ ആത്മാവ്.
വളരേ തന്മയത്വത്തോടെയും പക്വതയോടെയുമാണ് ഉണ്ണി അഭിനയിപ്പിച്ച് പൊലിപ്പിച്ചത്. Unni Mukundan
അത്‌പോലെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ കരിയറിലെ തന്നെ മികച്ച സ്‌ക്രീന്‍ പ്ലെയാണ് ഈ ചിത്രം..
ഷമീര്‍ മുഹമ്മദിന്റെ എഡിറ്റിങ്ങും മികച്ചുനില്‍ക്കുന്നു.
ഈ സിനിമയുടെ പശ്ചാത്തല സംഗീതത്തെ കുറിച്ച് പറയാതെ വയ്യ.. അത്രത്തോളം മികച്ച രീതിയില്‍ ആണ് രഞ്ജിന്‍ രാജ് സംഗീതം ഒരുക്കിയത്. തിരക്കഥ ആയിക്കോട്ടെ, ഛായാഗ്രഹണം ആയിക്കോട്ടെ.. എല്ലാം ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നു..
അതില്‍ എല്ലാം ഉപരിയായി വിഷ്ണു ശങ്കര്‍ ഒരു തുടക്കാരന്‍ ആണെന്ന് പോലും പറയിക്കാത്ത രീതിയില്‍ സംവിധായ കന്റെ ചുമതല കൃത്യമായി നിര്‍വഹിച്ചു..അച്ഛന്റെ കഴിവുകള്‍ പകര്‍ന്നു കിട്ടിയ അനുഗ്രഹീത കലാകാരന്‍ കൂടിയാണ് സംവിധായകന്‍ വിഷ്ണു ശങ്കര്‍. ഇതൊക്കെ സിനിമയുടെ ടെക്‌നിക്കല്‍ സൈഡ്...
ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്ന ഓരോരുത്തരും അഭിനന്ദനം അര്‍ഹിക്കുന്നവര്‍ തന്നെയാണ്. അച്ഛനും അമ്മയും മക്കളും കൊച്ചുമക്കളും ഒന്നിച്ചിരുന്ന് കാണേണ്ട ചിത്രമാണ് മാളികപ്പുറം. ഈ ചിത്രം കണ്ടില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ വലിയൊരു നഷ്ടം ആകുമായിരുന്നു എന്ന് എനിക്ക് തോന്നി.. നമ്മുടേ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സംസ്‌കാരം തിരിച്ച് പിടിക്കാന്‍ തോന്നിപ്പിക്കുന്ന സിനിമയായിട്ടാണ് മാളികപ്പുറം എന്ന സിനിമയെ ഞാന്‍ കാണുന്നത്.
അടുത്ത കാലത്ത് കണ്ട മലയാള സിനിമകളില്‍ മനസ്സ് കൊണ്ട് ഇഷ്ടം തോന്നിയ മറ്റൊരു ചിത്രമായിരുന്നു 'ന്നാ താന്‍ കേസ് കൊട്'. അതും ഇതുപോലെ ഒരു സിനിമയായി കണ്ട് ആസ്വദിച്ച ചിത്രമായിരുന്നു.





അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :