രേണുക വേണു|
Last Modified ഞായര്‍, 14 ഓഗസ്റ്റ് 2022 (16:24 IST)
ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെ മലയാളികളുടെ മനസ്സുകള്‍ കീഴടക്കിയ താരമാണ് കുഞ്ചാക്കോ ബോബന്‍. പിന്നീട് ചോക്ലേറ്റ് ഹീറോ കഥാപാത്രങ്ങളിലൂടെ യൂത്തിന്റെ ഇഷ്ട നായകനായി. ഇടയിലെപ്പോഴോ കരിയര്‍ ഗ്രാഫ് താഴേക്ക് പോയപ്പോള്‍ ചാക്കോച്ചന്‍ സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തു. പിന്നീട് രണ്ടാം വരവില്‍ എല്ലാവരേയും ഞെട്ടിക്കുന്ന കഥാപാത്രങ്ങളിലൂടെ ചാക്കോച്ചന്‍ മലയാള സിനിമയിലെ ശക്തമായ സാന്നിധ്യമായി മാറി.
രണ്ടാം വരവ് അത്ര എളുപ്പമായിരുന്നില്ലെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. ആദ്യ വരവ് പോലെ കാര്യങ്ങള്‍ അത്ര സുഖമായിരുന്നില്ല. താന്‍ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചും താരം മനസ്സുതുറന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എനിക്ക് ശേഷം വന്നവര്‍, എന്റെ അത്രയും ഹിറ്റുകള്‍ ഇല്ലാത്തവര്‍, നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍ ഉള്‍പ്പെടെ എന്നേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്നു. അടുത്ത കാലത്ത് അഭിനയിച്ച ഒരു സിനിമയില്‍ നായികയേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് എനിക്ക് ലഭിച്ചത്. ഏത് സിനിമ ആണെന്ന് ഒന്നും ഞാന്‍ പറയുന്നില്ല. ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് നോക്കിയാല്‍ മനസിലാകും,' കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ഇടയ്ക്ക് ഒരു കാലത്ത് ഞാന്‍ സിനിമയില്‍ നിന്ന് കുറച്ചു നാള്‍ മാറിനിന്നിരുന്നു. തിരിച്ചുവന്നപ്പോള്‍ ഞാന്‍ നേരത്തെ അനുഭവിച്ചിരുന്ന ലക്ഷ്വറി ഒന്നും എനിക്ക് കിട്ടിയിട്ടില്ല. എന്റെ ഒരു ക്ലോസപ്പ് വെയ്ക്കാന്‍ നേരംപോലും രണ്ടു വട്ടം ആലോചിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.