Kalamkaval Detailing: സിനിമ കാണും മുന്‍പ് അറിയാം 'കളങ്കാവല്‍' നിഗൂഢതകള്‍
കളങ്കാവലിന്റെ ടീസറില്‍ നിന്ന് തുടങ്ങാം. മമ്മൂട്ടി കഥാപാത്രത്തിന്റെ ഒരു ടോട്ടാലിറ്റി മനസിലാക്കി തരാന്‍ ഈ ടീസറിനു സാധിച്ചിട്ടുണ്ട്
Nelvin Gok|
Last Updated:
വ്യാഴം, 20 നവംബര്‍ 2025 (15:48 IST)
Kalamkaval Detailing: ജിതിന്‍ കെ ജോസ് സംവിധാനം ചെയ്തിരിക്കുന്ന മമ്മൂട്ടിയുടെയും വിനായകന്റെയും കളങ്കാവല്‍. മമ്മൂട്ടി കമ്പനി നിര്‍മിച്ചിരിക്കുന്ന ഈ ചിത്രം നവംബര്‍ 27 നു വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തുകയാണ്. കളങ്കാവലില്‍ എന്താണ് പ്രേക്ഷകരായ നമ്മള്‍ പ്രതീക്ഷിക്കേണ്ടത്? അല്ലെങ്കില്‍ കളങ്കാവലിന്റെ ഇതുവരെ പുറത്തുവന്ന അപ്ഡേറ്റുകളില്‍ ഒളിച്ചിരിക്കുന്ന നിഗൂഢതകള്‍ എന്തെല്ലാമാണ്?
കളങ്കാവലിന്റെ ടീസറില്‍ നിന്ന് തുടങ്ങാം. മമ്മൂട്ടി കഥാപാത്രത്തിന്റെ ഒരു ടോട്ടാലിറ്റി മനസിലാക്കി തരാന്‍ ഈ ടീസറിനു സാധിച്ചിട്ടുണ്ട്. കൂളിങ് ഗ്ലാസ് വെച്ചുനില്‍ക്കുന്ന മമ്മൂട്ടി ആരെയോ നോക്കുന്നതാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. ചുണ്ടില്‍ സിഗരറ്റുണ്ട്. സ്വാഭാവികമായും മമ്മൂട്ടി നോക്കുന്നത് ഒരു സ്ത്രീയെയാണെന്ന് വ്യക്തമാണ്. സെക്കന്റുകള്‍ മാത്രമുള്ള ഈ ടീസറിലെ ഈ ഭാഗത്ത് മമ്മൂട്ടിയുടെ മുഖത്ത് രണ്ട് വികാരങ്ങള്‍ മാറിവരുന്നുണ്ട്. ആദ്യത്തേത് ഒരു സ്ത്രീയെ കാണുമ്പോള്‍ ഉള്ള അയാളിലെ സെക്ഷ്വല്‍ പെര്‍വേര്‍ട്ട് ചിരിക്കുന്നതാണ്. അശ്ലീല ചുവയോടെയുള്ള നോട്ടമാണിത്. ഉടനെ തന്നെ ആ മുഖത്ത് മാറ്റം വരുന്നത് കാണാം. കേവലം സെക്ഷ്വല്‍ പെര്‍വേര്‍ട്ട് അല്ല മറിച്ച് അതിക്രൂരനായ ഒരു സൈക്കോപ്പാത്ത് കൂടിയാണ് മമ്മൂട്ടി കഥാപാത്രമെന്ന് ഉറപ്പിക്കാവുന്ന മുഖഭാവമാണ് പിന്നീട് കാണുന്നത്. ഇരയെ കൊല്ലാനുള്ള വേട്ടക്കാരന്റെ വെമ്പലാണ് പിന്നീട് മമ്മൂട്ടിയുടെ മുഖത്ത് തെളിയുന്നത്. ഒരു വഷളനില്‍ നിന്ന് കുടിലതയും കൗശലവുമുള്ള മനുഷ്യനിലേക്കുള്ള ട്രാന്‍സിഷന്‍ ഈ സീനില്‍ കൃത്യമായി കാണിച്ചുതരുന്നുണ്ട്.
കളങ്കാവലിന്റെ പോസ്റ്ററുകളിലുമുണ്ട് ഇത്തരത്തിലുള്ള നിഗൂഢതകള്‍. ഒരു പോസ്റ്ററില്‍ രണ്ട് കാറുകള്‍ കാണിക്കുന്നുണ്ട്. സ്വാഭാവികമായും നായകനും പ്രതിനായകനും എന്നൊരു നരേഷനില്‍ അതിനെ എടുക്കാം. പ്രതിനായകനിലേക്കുള്ള വഴി വളരെ സങ്കീര്‍മാണെന്നു കാണിക്കുന്ന തരത്തിലാണ് ഈ പോസ്റ്റര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരുപാട് തടസങ്ങള്‍ നിറഞ്ഞ വഴിയാണ്, പോയ വഴിയിലൂടെയെല്ലാം ചിലപ്പോള്‍ തിരിച്ചുവന്ന് വീണ്ടും മറ്റൊരു വഴിയിലൂടെ വില്ലനിലേക്ക് എത്തിപ്പെടേണ്ടിവരുമെന്ന സൂചനയാണ് ഈ പോസ്റ്ററില്‍ ഉള്ളത്.
മറ്റൊരു പോസ്റ്ററില്‍ മമ്മൂട്ടിയെയും വിനായകനെയും കാണാം. അതിനൊപ്പം മുഖം വെളിപ്പെടുത്താത്ത പെണ്ണുങ്ങള്‍ ഒരു ഗോവണി കയറുന്നതും കാണിച്ചിട്ടുണ്ട്. ഗോവണി കയറുന്ന പെണ്ണുങ്ങള്‍ അയാളുടെ വലയിലേക്ക് നടന്നുകയറുകയാണെന്ന് വ്യക്തമാക്കി തരുന്ന പോസ്റ്റര്‍. ഗോവണിയുടെ മുകളില്‍ കാണിച്ചിരിക്കുന്ന എട്ടുകാലി വല ഈ സ്ത്രീകള്‍ അകപ്പെടാന്‍ പോകുന്ന കുരുക്കിനെയാണ് സൂചിപ്പിക്കുന്നത്.
ഈയടുത്ത് പുറത്തുവിട്ട പോസ്റ്ററിലേക്ക് വന്നാല്‍ അതില്‍ അഞ്ച് സ്ത്രീ രൂപങ്ങള്‍ കാണാം. അതില്‍ ഒരു സ്ത്രീയുടെ കണ്ണുകളില്‍ തുറന്നിട്ടിരിക്കുന്ന വാതിലും ആ വാതിലില്‍ കൈകുത്തി ഒരാള്‍ നില്‍ക്കുന്നതും കാണാം. എല്ലാം കണ്ടുകൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ വില്ലന്‍ കഥാപാത്രത്തെയാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കിയിരിക്കുന്നത്.
കളങ്കാവലിന്റെ മിക്ക പോസ്റ്ററുകളിലും എട്ടുകാലി, എട്ടുകാലി വലയൊക്കെ വളരെ പ്രാധാന്യത്തോടെ നല്‍കിയിട്ടുണ്ട്. എട്ടുകാലി വല കൊണ്ട് അര്‍ത്ഥമാക്കുന്നത് ഒരു കുരുക്കാണ്. വല കൊണ്ടാണ് എട്ടുകാലികള്‍ ഇരയെ പിടിക്കാനുള്ള കുരുക്ക് തീര്‍ക്കുന്നത്. സമാന രീതിയില്‍ മമ്മൂട്ടിയുടെ വില്ലന്‍ കഥാപാത്രം ഇരകളെ തന്നിലേക്ക് എത്തിക്കുകയാണെന്ന ഡീറ്റെയിലിങ് ആണ് എട്ടുകാലി വല കൊണ്ട് അര്‍ത്ഥമാക്കുന്നത്. മമ്മൂട്ടിയുടെയും വിനായകന്റെയും കഥാപാത്രം അല്ലാതെ വളരെ പ്രധാനപ്പെട്ട ചില കഥാപാത്രങ്ങള്‍ ഈ സിനിമയിലുണ്ടായിരിക്കുമെന്ന് ഉറപ്പാണ്. അത്തരം കഥാപാത്രങ്ങളെയൊന്നും ഇതുവരെ റിവീല്‍ ചെയ്തിട്ടില്ല. മമ്മൂട്ടിയുടെ വില്ലന്‍ കഥാപാത്രത്തെ അവസാനം പൂട്ടുന്നത് ഇതുവരെ വെളിപ്പെടുത്താത്ത ഏതെങ്കിലും ഒരു കഥാപാത്രമായിരിക്കണം, ഒരുപക്ഷേ അയാളുടെ ഇരയായി നടന്നുകയറിയ ഏതെങ്കിലും സ്ത്രീയായിരിക്കാം ആ ചെകുത്താനെ നിഗ്രഹിക്കുന്നത്. ഇത്തരത്തില്‍ രസകരമായ ഒബ്സര്‍വേഷന്‍സ് ഈ സിനിമയുടെ അപ്ഡേറ്റുകളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് ഇത്തരത്തില്‍ തോന്നിയ ഒബ്സര്‍വേഷന്‍സ് വീഡിയോയ്ക്കു താഴെ കമന്റ് ചെയ്യുക.