അഭിറാം മനോഹർ|
Last Modified ശനി, 11 മെയ് 2024 (14:06 IST)
മുംബൈയില്‍ ജനിച്ചുവളര്‍ന്ന വ്യക്തിയാണെങ്കിലും എന്തുകൊണ്ട് ബോളിവുഡില്‍ അഭിനയിക്കാന്‍ ഇത്രയും വൈകിയതെന്ന ചോദ്യത്തിന് മറുപടി നല്‍കി തെന്നിന്ത്യന്‍ നടി ജ്യോതിക. ശെയ്ത്താന്‍ എന്ന തന്റെ പുതിയ ഹിന്ദി
സിനിമ വലിയ വിജയമായതിന് പിന്നാലെയാണ് എന്തുകൊണ്ട് ഹിന്ദിയില്‍ നിന്നും മാറി തെന്നിന്ത്യയില്‍ സജീവമായി എന്നതിന്റെ കാരണം ജ്യോതിക വ്യക്തമാക്കിയത്. അഭിനയത്തിലെത്തിയിട്ട് 27 വര്‍ഷക്കാലമായെങ്കിലും ബോളിവുഡില്‍ നിന്നും തനിക്ക് ഒരു ഓഫര്‍ പോലും ലഭിച്ചിരുന്നില്ലെന്നാണ് ജ്യോതിക വ്യക്തമാക്കിയത്. അടുത്തിടെ നടി നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നുപറഞ്ഞത്.
എനിക്ക് ഹിന്ദിയില്‍ സിനിമ ചെയ്യാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. എന്നെ തേടി തിരക്കഥകളൊന്നും വന്നില്ല. എന്റെ ആദ്യ ഹിന്ദി സിനിമ തിയേറ്ററുകളില്‍ പരാജയമായിരുന്നു. പിന്നീട് ഞാന്‍ തെന്നിന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടും ഹിന്ദിയില്‍ നിന്നും ഓഫറുകള്‍ ലഭിച്ചില്ല. ഞാന്‍ തെന്നിന്ത്യക്കാരിയാണെന്നും ഹിന്ദി സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രചരിപ്പിച്ചു. ജ്യോതിക പറഞ്ഞു.
വിവാഹശേഷം അഭിനയത്തിന് ചെറിയ ഇടവേള എടുത്തിരുന്നെങ്കിലും നിലവില്‍ സിനിമകളില്‍ സജീവമാണ് താരം. കഴിഞ്ഞ വര്‍ഷം ജ്യോതിക മലയാളത്തില്‍ ചെയ്ത കാതല്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 27 വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡില്‍ ശെയ്ത്താന്‍ എന്ന സിനിമയിലും ജ്യോതിക ഭാഗമായി. ശ്രീകാന്ത്,ഡബ്ബ കാര്‍ട്ടല്‍ എന്നിവയാണ് ജ്യോതികയുടേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ബോളിവുഡ് സിനിമകള്‍.