അഭിറാം മനോഹർ|
Last Modified ബുധന്‍, 11 സെപ്‌റ്റംബര്‍ 2024 (15:26 IST)
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണസംഘത്തിന് നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശം വന്നതോടെ പരാതിക്കാര്‍ ഉണ്ടാകുന്ന പക്ഷം കൂടുതല്‍ സിനിമാപ്രവര്‍ത്തകര്‍ക്കെതിരെ കേസുകളെടുക്കാന്‍ സാധ്യത. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പുറത്തുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണസംഘം കേസുകള്‍ എടുത്തിട്ടുള്ളത്. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണരൂപം കിട്ടുന്നതോടെ റിപ്പോര്‍ട്ടില്‍ പേരുകളുള്ളവര്‍ക്കെതിരെയും
പരാതിയുള്ള പക്ഷം കേസെടുക്കേണ്ടതായി വരും.
മാധ്യമങ്ങളിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. നിലവില്‍ 23 കേസുകളാണ് അന്വേഷണം സംഘം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണരൂപം കിട്ടുന്നതോടെ കൂടുതല്‍ പരാതികള്‍ അന്വേഷണസംഘത്തിന് മുന്നിലെത്തും. പരാതിക്കാരില്‍ നിന്നും മൊഴിയെടുത്തതിന് ശേഷമാകും കേസ് രജിസ്റ്റര്‍ ചെയ്യണോ എന്ന് തീരുമാനിക്കുക. പ്രായപൂര്‍ത്തിയാകാത്തവരും ചൂഷണത്തിനിരയാകേണ്ടി വന്നു എന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്ളതിനാല്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സാധ്യതകളും അന്വേഷണസംഘം പരിശോധിക്കും.
ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണരൂപം ലഭിച്ചാല്‍ എന്തെല്ലാം കാര്യങ്ങളില്‍ കേസെടുക്കാനാകും, കേസെടുക്കാനാവില്ല എന്ന കാര്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടാകും രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കുക. എന്തുകൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്യുന്നില്ല എന്നതടക്കമുള്ള കോടതിയുടെ ചോദ്യങ്ങള്‍ക്ക് അന്വേഷണസംഘത്തിന് മറുപടി നല്‍കേണ്ടതായി വരും.