ബുര്‍ജ് ഖലീഫയുടെ പണി നടക്കുമ്പോള്‍ ദുല്‍ഖര്‍ ദുബായിലുണ്ടായിരുന്നു; അന്ന് സിനിമാ താരമല്ല

രേണുക വേണു| Last Modified വ്യാഴം, 11 നവം‌ബര്‍ 2021 (14:17 IST)

ആദ്യമായാണ് ഒരു മലയാള സിനിമയുടെ പ്രൊമോഷന്‍ ബുര്‍ജ് ഖലീഫയില്‍ നടക്കുന്നത്. 'കുറുപ്പി'ന്റെ ട്രെയ്‌ലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ച സമയത്ത് കുടുംബസമേതം ദുല്‍ഖര്‍ സല്‍മാന്‍ അവിടെയുണ്ടായിരുന്നു. താന്‍ സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത കാര്യമാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്ന് ദുല്‍ഖര്‍ പറയുന്നു. താന്‍ നായകനായ 'കുറുപ്പ്' തിയറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കെയാണ് താരത്തിനു ഇരട്ടി സന്തോഷമായി ബുര്‍ജ് ഖലീഫയില്‍ 'കുറുപ്പി'ന്റെ ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിച്ചത്. കുറുപ്പ് നിര്‍മിച്ചിരിക്കുന്നതും ദുല്‍ഖര്‍ തന്നെയാണ്.

ദുബായില്‍ ഒരുപാട് നാള്‍ ജോലി ചെയ്തിട്ടുണ്ടെങ്കിലും ബുര്‍ജ് ഖലീഫയില്‍ തന്റെ ചിത്രം തെളിഞ്ഞത് ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമെന്ന് ദുല്‍ഖര്‍ പറഞ്ഞു. 'ദുബായില്‍ ഒരുപാട് നാള്‍ ജോലി ചെയ്ത ആളാണ് ഞാന്‍. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ജോലി ചെയ്തിട്ടുണ്ട്. അന്നൊക്കെ ബുര്‍ജ് ഖലീഫയുടെ കണ്‍സ്ട്രക്ഷനും നടക്കുന്നുണ്ട്. ഇങ്ങനെയൊരു കാര്യം എന്റെ ജീവിതത്തില്‍ നടക്കുമെന്ന് സ്വപ്നം പോലും കണ്ടിട്ടില്ല,' ദുല്‍ഖര്‍ പറഞ്ഞു.

2010 ലാണ് ബുര്‍ജ് ഖലീഫയുടെ ഉദ്ഘാടനം നടക്കുന്നത്. അതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം നേടിയ ശേഷം ദുബായില്‍ ജോലി ചെയ്യുകയായിരുന്നു ദുല്‍ഖര്‍. ആ സമയത്താണ് ബുര്‍ജ് ഖലീഫയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. പിന്നീട് ദുബായില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാണ് ശ്രീനാഥ് രാജേന്ദ്രന്റെ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ മലയാള സിനിമയില്‍ അരങ്ങേറിയത്. 2011 ലായിരുന്നു ദുല്‍ഖറിന്റെ സിനിമാ അരങ്ങേറ്റം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :