രേണുക വേണു|
Last Modified വ്യാഴം, 11 നവംബര്‍ 2021 (13:46 IST)
ബുര്‍ജ് ഖലീഫയില്‍ 'കുറുപ്പ്' ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിക്കാന്‍ സിനിമയുടെ നിര്‍മാതാവ് കൂടിയായ ദുല്‍ഖര്‍ സല്‍മാന്‍ ചെലവഴിച്ചത് 50 ലക്ഷം രൂപയെന്ന് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച രാത്രിയാണ് കുറുപ്പ് ട്രെയ്‌ലര്‍ പ്രൊമോഷന്റെ ഭാഗമായി ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാനും കുടുംബവും യുഎഇയില്‍ എത്തിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. അതിനിടയിലാണ് ബുര്‍ജ് ഖലീഫയില്‍ ഒരു വീഡിയോ പ്രദര്‍ശിപ്പിക്കാന്‍ എത്ര രൂപ ചെലവഴിക്കണമെന്ന സംശയം ആരാധകര്‍ക്കുണ്ടായത്. ഒടുവില്‍ ആരാധകര്‍ക്ക് ഏകദേശ കണക്കും ലഭിച്ചു.
ബുര്‍ജ് ഖലീഫയുമായി ബന്ധപ്പെട്ട മാര്‍ക്കറ്റിങ് ഏജന്‍സി നല്‍കുന്ന വിവരമനുസരിച്ച് 2,50,000 ദിര്‍ഹമാണ് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രദര്‍ശനത്തിനായി വേണ്ടത്. ഒരു തവണ മാത്രം പ്രദര്‍ശിപ്പിക്കാനാണ് ഈ തുക. രാത്രി എട്ടിനും പത്തിനും ഇടയിലായിരിക്കും പ്രദര്‍ശനം. അതായത് 50 ലക്ഷം ഇന്ത്യന്‍ രൂപയാണ് ഒറ്റത്തവണ പ്രദര്‍ശനത്തിനു ചെലവ് വരുന്നത്. എന്നാല്‍, വീക്കെന്‍ഡ് ദിവസങ്ങളിലേക്ക് വരുമ്പോള്‍ ഒറ്റത്തവണ പ്രദര്‍ശനത്തിനു ഏകദേശം 70 ലക്ഷം ഇന്ത്യന്‍ രൂപ ചെലവ് വരും. ദുബായ് ആസ്ഥാനമായ മുല്ലന്‍ ലോവേ എംഇഎന്‍എ എന്ന മാര്‍ക്കറ്റിങ് കമ്പനിയാണ് ബുര്‍ജ് ഖലീഫയിലെ പ്രൊമോഷന്‍ പ്രവര്‍ത്തനങ്ങളുടെ കാര്യം നോക്കിനടത്തുന്നത്.