Dulquer Salmaan: മലയാളത്തില്‍ ഇനി അടുത്തെങ്ങും ഇല്ലെ? ദുല്‍ഖറിന്റേതായി വരാനിരിക്കുന്ന അടുത്ത രണ്ട് ചിത്രങ്ങളും തെലുങ്കില്‍

അഭിറാം മനോഹർ| Last Modified ചൊവ്വ, 9 ജനുവരി 2024 (20:32 IST)
മലയാളത്തിലാണ് സിനിമ ചെയ്തുതുടങ്ങിയെങ്കിലും ഇന്ന് ഇന്ത്യയെങ്ങും പരിചിതമായ മുഖമാണ് ദുല്‍ഖര്‍ സല്‍മാന്റേത്. കരിയറിലെ 10 വര്‍ഷം കൊണ്ട് മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്,ഹിന്ദി ചിത്രങ്ങളിലും ദുല്‍ഖര്‍ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ഈ ഭാഷകളിലെല്ലാം വലിയ ആരാധകപിന്തുണയും താരത്തിനുണ്ട്. കഴിഞ്ഞ വര്‍ഷം ഓണം റിലീസായെത്തിയ കിംഗ് ഓഫ് കൊത്തയായിരുന്നു ദുല്‍ഖര്‍ അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. കുറുപ്പ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷമുള്ള വലിയ ഇടവേളയ്ക്ക് ശേഷമാണ് സിനിമ തിയേറ്ററുകളിലെത്തിയതെങ്കിലും വലിയ വിജയമാകാന്‍ സിനിമയ്ക്കായിരുന്നില്ല.

കിംഗ് ഓഫ് കൊത്തയുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് ശേഷം ഇതുവരെയും ദുല്‍ഖര്‍ മലയാളത്തില്‍ ഒരു പ്രൊജക്റ്റ് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ മറ്റൊരു ബിഗ്ബജറ്റ് ചിത്രത്തില്‍ കൂടി ദുല്‍ഖര്‍ ഭാഗമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ദുല്‍ഖര്‍ സല്‍മാന്‍, പുറത്തിറങ്ങാനിരിക്കുന്ന ഹനുമാന്‍ എന്ന സിനിമയിലെ നായകനായ തേജ സജ്ജ, മഞ്ജു മനോജ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി കാര്‍ത്തിക് ഗട്ടമനെനി സംവിധാനം ചെയ്യുന്ന മിര്യായി എന്ന സിനിമയിലാണ് ദുല്‍ഖര്‍ ഭാഗമാവുക. ഇതിനെ സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും ദുല്‍ഖറോ ചിത്രവുമായി ബന്ധപ്പെട്ടവരോ വാര്‍ത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

2018ല്‍ പുറത്തിറങ്ങിയ മഹാനടി, 2022ല്‍ ഇറങ്ങിയ സീതാരാമം എന്നീ സിനിമകളാണ് തെലുങ്കില്‍ ദുല്‍ഖര്‍ ചെയ്തിട്ടുള്ളത്. ലക്കി ഭാസ്‌കര്‍ എന്ന സിനിമയും ദുല്‍ഖറിന്റേതായി തെലുങ്കില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ലക്കി ഭാസ്‌കറായിരിക്കും ദുല്‍ഖറിന്റേതായി പുറത്തിറങ്ങുന്ന സിനിമ. തമിഴില്‍ മണിരത്‌നം കമല്‍ഹാസന്‍ ചിത്രമായ തഗ് ലൈഫ്, സുധാ കൊങ്ങര സൂര്യ ചിത്രത്തിലും ദുല്‍ഖര്‍ അഭിനയിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :