6 വർഷങ്ങൾ! ദുല്‍ഖറിന്റെ വലിയ വിജയം നേടിയ ചിത്രം കുറുപ്പ് മാത്രം, കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷമുള്ള സിനിമകളെല്ലാം അന്യഭാഷയില്‍

അഭിറാം മനോഹർ| Last Modified വ്യാഴം, 28 ഡിസം‌ബര്‍ 2023 (20:18 IST)
മലയാള സിനിമയിലെ ക്രൗഡ് പുള്ളിംഗ് താരങ്ങളുടെ പട്ടികയില്‍ മോഹന്‍ലാലിന് തൊട്ടുപിന്നിലാണ് ദുല്‍ഖറിന്റെ സ്ഥാനം, മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ താരങ്ങള്‍ മോഹന്‍ലാലും മമ്മൂട്ടിയും ആണെങ്കിലും ആദ്യദിന കളക്ഷന്റെ കാര്യത്തില്‍ ദുല്‍ഖര്‍ സല്‍മാന് മാത്രമാണ് സമീപകാലത്തായി മോഹന്‍ലാലിനെ വെല്ലുവിളിക്കാനായിട്ടുള്ളത്. അവസാനമായി ഇറങ്ങിയ ബോക്‌സോഫീസില്‍ മികച്ച പ്രകടനം നടത്തിയില്ലെങ്കിലും ആദ്യദിനത്തില്‍ മികച്ച കളക്ഷനാണ് സ്വന്തമാക്കിയത്.

മലയാളത്തിന് പുറമെ അന്യഭാഷകളിലേയ്ക്കും ബിസിനസ് വളര്‍ത്താന്‍ ദുല്‍ഖര്‍ സല്‍മാന് സാധിച്ചെങ്കിലും കഴിഞ്ഞ 6 വര്‍ഷക്കാലത്തിനിടെ മലയാളത്തില്‍ കുറുപ്പ് മാത്രമാണ് വന്‍ വിജയമാക്കാന്‍ ദുല്‍ഖറിനായത്. ഈ കാലയളവില്‍ 6 സിനിമകളില്‍ മാത്രമാണ് ദുല്‍ഖര്‍ അഭിനയിച്ചത്. 2018ല്‍ മഹാനദി,കാര്‍വാന്‍ എന്നിങ്ങനെ രണ്ട് സിനിമകള്‍ മാത്രമാണ് ദുല്‍ഖര്‍ ചെയ്തത്. 2019ല്‍ ഒരു യമണ്ടന്‍ പ്രേമകഥ,സോയ ഫാക്ടര്‍ എന്നീ ചിത്രങ്ങള്‍ ചെയ്തു. രണ്ട് വര്‍ഷത്തിനിടെ ചെയ്തത് ഒരു മലയാളം മാത്രം.

2020ല്‍ മണിയറയിലെ അശോകന്‍, വരനെ ആവശ്യമുണ്ട് എന്നീ രണ്ട് സിനിമകളാണ് മലയാളത്തില്‍ ദുല്‍ഖര്‍ ചെയ്തത്. ഇതില്‍ മണിയറയിലെ അശോകനില്‍ കാമിയോ റോള്‍ മാത്രമായിരുന്നു ദുല്‍ഖര്‍ ചെയ്തത്. ഈ ചിത്രങ്ങളില്‍ വരനെ ആവശ്യമുണ്ട് മാത്രമായിരുന്നു ബോക്‌സോഫീസില്‍ വിജയമായത്. 2021ല്‍ കുറുപ്പിലൂടെ മലയാളത്തില്‍ വമ്പന്‍ വിജയം സൃഷ്ടിച്ചുവെങ്കിലും 2022ല്‍ സല്യൂട്ട് മാത്രമാണ് ദുല്‍ഖര്‍ മലയാളത്തില്‍ ചെയ്തത്. ചിത്രത്തിന് വലിയ പ്രകടനം നടത്താന്‍ സാധിച്ചില്ല. 2023ല്‍ കിംഗ് ഓഫ് കൊത്തയിലൂടെ മലയാളത്തില്‍ തിരിച്ചെത്തിയെങ്കിലും ഓണം ബോക്‌സോഫീസില്‍ തരംഗം തീര്‍ക്കാന്‍ ചിത്രത്തിനായില്ല. 2024ല്‍ തെലുങ്കില്‍ ലക്കി ഭാസ്‌ക്കര്‍, തമിഴില്‍ തഗ് ലൈഫ്,സൂര്യ സുധ കൊങ്ങര ചിത്രം എന്നിവയില്‍ ദുല്‍ഖര്‍ അഭിനയിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.അതേസമയം താരത്തിന്റെതായി ഒരു മലയാള സിനിമയും പ്രഖ്യാപിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :