അഭിറാം മനോഹർ|
Last Modified ചൊവ്വ, 26 ഡിസംബര്‍ 2023 (19:24 IST)
2023ന്റെ തുടക്കം തമിഴ് സിനിമയ്ക്ക് അത്ര ആശ്വസിക്കാനുള്ള ഒന്നായിരുന്നില്ല. പൊങ്കല്‍ റിലീസുകളായി അജിത്തിന്റെ തുനിവും വിജയ് ചിത്രമായ വാരിസും എത്തിയെങ്കിലും രണ്ട് ചിത്രങ്ങളും ശരാശരി പ്രകടനങ്ങളില്‍ ഒതുങ്ങിയതോടെ തണുപ്പന്‍ തുടക്കമാണ് തമിഴ് സിനിമയ്ക്ക് ലഭിച്ചത്. വമ്പന്‍ സിനിമകള്‍ വലിയ വിജയങ്ങള്‍ സ്വന്തമാക്കാതിരുന്നപ്പോള്‍ ഫെബ്രുവരി മാസത്തില്‍ ഇറങ്ങിയ കവിന്‍ ചിത്രമായ ദാദ അപ്രതീക്ഷിതമായ വിജയമാണ് ബോക്‌സോഫീസില്‍ നേടിയത്. മാര്‍ച്ചില്‍ ഇറങ്ങിയ വിടുതലൈ, അയോഗി എന്നീ സിനിമകളല്ലാതെ മറ്റ് ചിത്രങ്ങളൊന്നും ആദ്യ മൂന്ന് മാസങ്ങളില്‍ ഓളം സൃഷ്ടിച്ചില്ല.
ഏപ്രില്‍ മാസത്തിലെത്തിയ പൊന്നിയന്‍ സെല്‍വനായിരുന്നു ഒരു വമ്പന്‍
സിനിമ എന്ന ലേബലില്‍ 2023ല്‍ പിന്നീടെത്തിയ ചിത്രം. മികച്ച കളക്ഷന്‍ സ്വന്തമാക്കാനായെങ്കിലും ചിത്രത്തിന് പ്രതീക്ഷിച്ചത്ര വിജയം നേടാനായോ എന്നത് സംശയകരമായ കാര്യമാണ്. എന്നാല്‍ ദാദയിലൂടെ രൂപപ്പെട്ട ട്രെന്‍ഡ് ഗുഡ്‌നൈറ്റ് എന്ന ചെറിയ ചിത്രത്തിലൂടെ തുടരുന്നത് ഏപ്രിലിലും ആവര്‍ത്തിച്ചു. കുഞ്ഞുചിത്രമായി വന്ന ഗുഡ്‌നൈറ്റ് പതുക്കെയാണെങ്കിലും പ്രേക്ഷകരെ ആകര്‍ശിച്ച് വിജയമായി മാറി. ജൂണ്‍ മാസത്തില്‍ ഇറങ്ങിയ മാരി സെല്‍വരാജ് ചിത്രമായ മാമന്നനും ശ്രദ്ധ നേടിയെങ്കിലും പൊന്നിയന്‍ സെല്‍വന്‍ അല്ലാതെ വലിയ വിജയങ്ങളൊന്നും തന്നെ ആദ്യ 6 മാസക്കാലത്ത് തമിഴകത്ത് നിന്നും ഉണ്ടായില്ല.
എന്നാല്‍ ജൂണ്‍ മാസത്തില്‍ ശിവകാര്‍ത്തികേയന്‍ ചിത്രമായ മാവീരന്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. ഫാന്റസി ത്രില്ലറായി എത്തിയ ചിത്രം പരീക്ഷണാത്മകമായ സ്വഭാവം പുലര്‍ത്തിയിട്ടും വലിയ വിജയമായി. ധോനി നിര്‍മാതാവായി തുടക്കം കുറിച്ച എല്‍ജിഎം എന്ന സിനിമയും ശ്രദ്ധ നേടി. എന്നാല്‍ ഓഗസ്റ്റ് മാസത്തില്‍ ജയിലര്‍ എന്ന സിനിമയുടെ വമ്പന്‍ വിജയത്തോട് കൂടി കിതച്ചുകൊണ്ട് 2023ന് തുടക്കമിട്ട തമിഴ് സിനിമ ഗിയര്‍ അപ്പാടെ മാറ്റുന്നതാണ് പിന്നീട് കണ്ടത്.
വമ്പന്‍ കളക്ഷനിലേക്ക് കുതിച്ച ജയിലര്‍ തമിഴകത്തെ പല റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞു. ഏറെ കാലത്തിന് ശേഷം വിശാലിന് ബോക്‌സോഫീസില്‍ വമ്പന്‍ വിജയമുണ്ടാകുന്നതിനും 2023 സാക്ഷിയായി. എസ് ജെ സൂര്യയും വിശാലും അഭിനയിച്ച മാര്‍ക്ക് ആന്റണി എന്ന സിനിമയും വമ്പന്‍ വിജയമാണ് ബോക്‌സോഫീസില്‍ സൃഷ്ടിച്ചത്. ഒക്ടോബര്‍ മാസത്തില്‍ പുറത്തിറങ്ങിയ വിജയും ജയിലറിന്റെ വമ്പന്‍ വിജയം ആവര്‍ത്തിക്കുന്നതാണ് പിന്നീട് കണ്ടത്. ലിയോ എന്ന സിനിമയ്ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് ചിത്രമായ ജിഖര്‍തണ്ഡ നിരൂപകപ്രശംസയ്‌ക്കൊപ്പം മികച്ച കളക്ഷനും സ്വന്തമാക്കിയതോടെ 2023ന്റെ രണ്ടാം പകുതി തമിഴ് സിനിമ ആഘോഷമാക്കി മാറ്റി. ഇതിനിടയില്‍ ചിത്ത,ഇരുപഗുപട്രു എന്നീ സിനിമകള്‍ മികച്ച സിനിമകളെന്ന പേരില്‍ വലിയ നിരൂപക പ്രശംസയും നേടി.