രേണുക വേണു|
Last Modified ശനി, 14 മെയ് 2022 (10:18 IST)
മീ ടു മൂവ്‌മെന്റിനെ അധിക്ഷേപിക്കുന്ന തരത്തില്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശം വിവാദമായിരിക്കുകയാണ്. പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ മീ ടുവിനെതിരെ പറഞ്ഞത്. പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ താന്‍ പെട്ടു പോയെനെ എന്നും തന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുന്‍പ് ആയിരുന്നെന്നുമാണ് ഒരു തമാശ പറയുംവിധം ധ്യാന്‍ അഭിമുഖത്തില്‍ പറഞ്ഞത്. ഫില്‍മിബീറ്റ്‌സ് മലയാളത്തിനു നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞത്.
'പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ ഞാന്‍ പെട്ടു, ഇപ്പോള്‍ പുറത്തിറങ്ങില്ലായിരുന്നു. മീ ടൂ ഇപ്പോഴല്ലേ വരുന്നത്. എന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുന്‍പേയാണ്. അല്ലെങ്കില്‍ ഒരു 15 വര്‍ഷം എന്നെ കാണാന്‍ പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ട്രെന്‍ഡ് വന്നത്,' എന്നാണ് അഭിമുഖത്തില്‍ ധ്യാന്‍ പറയുന്നത്.
തൊഴിലിടങ്ങളിലും മറ്റ് സ്ഥലങ്ങളിലും വര്‍ഷങ്ങള്‍ക്ക് മുന്‍പേ നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ തുറന്നുപറഞ്ഞ് മുന്‍പോട്ടു വരാന്‍ സ്ത്രീകള്‍ക്ക് പ്രചോദനം നല്‍കിയ മുന്നേറ്റമാണ് മീ ടു. ഇന്‍സെക്യൂരിറ്റി കൊണ്ട് അക്കാലത്ത് തുറന്നുപറയാന്‍ സാധിക്കാത്ത പല ഗൗരവമുള്ള കാര്യങ്ങളും വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്താന്‍ മീ ടു മൂവ്‌മെന്റിലൂടെ സ്ത്രീകള്‍ക്ക് ധൈര്യം ലഭിച്ചു. അങ്ങനെയൊരു മുന്നേറ്റത്തെയാണ് ധ്യാന്‍ തമാശയായി അവതരിപ്പിച്ചത്. ധ്യാനിന്റെ അതേ മാനസികാവസ്ഥയുള്ള പുരുഷന്‍മാര്‍ ഈ സമൂഹത്തില്‍ ധാരാളമുണ്ട് എന്നതും ശ്രദ്ധേയം.
തമാശ പറഞ്ഞു ചിരിക്കാനുള്ള ഒന്നല്ല മീ ടു മൂവ്‌മെന്റ് എന്ന് ധ്യാന്‍ അടക്കമുള്ള പുരുഷന്‍മാര്‍ മനസ്സിലാക്കണം. മീ ടു മുന്നേറ്റത്തെ അപഹസിക്കുമ്പോള്‍ അവര്‍ പരിഹസിക്കുന്നതും നിസാരവല്‍ക്കരിക്കുന്നതും ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായ പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും ട്രോമകളേയും ഇന്‍സെക്യൂരിറ്റിയേയും ആണ്.