അഭിറാം മനോഹർ|
Last Modified ഞായര്‍, 28 ഓഗസ്റ്റ് 2022 (18:34 IST)
ബോളിവുഡ് സിനിമകൾക്കെതിരായ
ബഹിഷ്കരണാഹ്വാനങ്ങൾ തുടർക്കഥയാകുന്നു. അവസാനമായി പുറത്തിറങ്ങിയ ആമിർ ഖാൻ്റെ ലാൽ സിങ്ങ് ഛദ്ദയ്ക്കെതിരെയും ബോയ്കോട്ട് ആഹ്വാനവുമായി ഒരുകൂട്ടം രംഗത്ത് വന്നിരുന്നു.
രൺബീർ ആലിയ ഭട്ട് ടീമിൻ്റെ ബ്രഹ്മാസ്ത്രയ്ക്കെതിരെയാണ് പുതിയ ബഹിഷ്കരണാഹ്വാനം.
തൻ്റെ ഇഷ്ടഭക്ഷണമെന്തെന്ന ചോദ്യത്തിന് റെഡ് മീറ്റ് ഇഷ്ടമാണെന്നും ബീഫ് വിഭവങ്ങളുടെ വലിയ ആരാധകനാണ് താനെന്നും രൺബീർ പറയുന്ന പഴയ വീഡിയോ എടുത്തുകാട്ടിയാണ് പുതിയ ബഹിഷ്കരണ ക്യാമ്പയിൻ. അഭിമുഖത്തിൻ്റെ ഈ ഭാഗം മാത്രം എഡിറ്റ് ചെയ്ത് ട്വിറ്ററിലിട്ടാണ് ബഹിഷ്കരണ ക്യാമ്പയിൻ.
11 വർഷങ്ങൾക്ക് മുൻപ് റോക്ക്സ്റ്റാർ എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു രൺബീറിൻ്റെ പരാമർശം. സാമ്പത്തിക ബഹിഷ്കരണമാണ് ബോളിവുഡിന് നൽകാവുന്ന ശിക്ഷയെന്നും ബ്രഹ്മാസ്ത്രയിലെ ശിവ യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെയെല്ലാമാണെന്ന തരത്തിലുമാണ് പോസ്റ്റുകൾ വരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ വിജയ് ദേവരകൊണ്ട ചിത്രമായ ലൈഗറിനെതിരെയും ബഹിഷ്കരണ ക്യാമ്പയിൻ നടന്നിരുന്നു.
സിനിമ കരൺ ജോഹർ നിർമിച്ചതും ടീപ്പോയിൽ കാൽകയറ്റി വെച്ച് വിജയ് ദേവരകൊണ്ട വാർത്താസമ്മേളനം നടത്തിയതുമാണ് ലൈഗറിനെതിരായ ക്യാമ്പയിന് കാരണമായത്.