അഭിറാം മനോഹർ|
Last Modified വ്യാഴം, 12 സെപ്‌റ്റംബര്‍ 2024 (13:28 IST)
ഹേമ കമ്മിറ്റിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. ഡബ്യുസിസി ഒഴികെയുള്ള സംഘടനകളെയൊന്നും ഹേമ കമ്മിറ്റി വിളിക്കുകയോ വിവരശേഖരണം നടത്തുകയോ ചെയ്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. എന്തിന്റെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി ആളുകളെ കണ്ടതെന്നും എന്തുകൊണ്ടാണ് നിര്‍മാതാക്കളുടെ സംഘടന,അമ്മ,ഫെഫ്ക അംഗങ്ങള്‍ ഒഴിവാക്കപ്പെട്ടതെന്നും ഫെഫ്ക കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉണ്ണികൃഷ്ണന്‍ ചോദിച്ചു.
ഫെഫ്കയിലെ ട്രേഡ് യൂണിയന്‍ ജനറല്‍ സെക്രട്ടറിമാരെ പോലും കമ്മിറ്റി കണ്ടില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച പേരുകളും 15 അംഗ പവര്‍ ഗ്രൂപ്പിലെ അംഗങ്ങളുടെ പേരുകളും പുറത്തുവരണം. സാക്ഷികളില്‍ ചിലര്‍ പ്ലാന്‍ ചെയ്തതാണ് 15 അംഗ പവര്‍ ഗ്രൂപ്പും മാഫിയയുമെല്ലാം. ഇത് സിനിമയില്‍ അസാധ്യമാണ്. പവര്‍ ഗ്രൂപ്പില്‍ ആരെല്ലാമെന്ന് നിയമപരമായി പുറത്തുവരണം. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ഇപ്പോള്‍ കാസ്റ്റിംഗ് കോള്‍ എന്ന പ്രശ്‌നമില്ല. ഓഡിഷന്‍ പക്രിയ സംഘടനകളുടെ നിയന്ത്രണത്തിലാണ്. ലൈംഗിക അതിക്രമം സംബന്ധിച്ച 2 പരാതികള്‍ ലഭിച്ചെന്നും അത് പരിഹരിച്ചെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.