രേണുക വേണു|
Last Modified വെള്ളി, 29 ഒക്‌ടോബര്‍ 2021 (12:36 IST)
ഒന്നിലധികം ഭാഷകള്‍ അറിയുന്ന സിനിമാ താരങ്ങള്‍ നിരവധിയാണ്. പ്രാദേശിക ഭാഷയ്‌ക്കൊപ്പം മറ്റ് ഭാഷകളും പഠിക്കാന്‍ അഭിനേതാക്കള്‍ എപ്പോഴും ഉത്സാഹം കണിക്കും. സിനിമ കരിയറിനു ഏറെ ഗുണം ചെയ്യുന്ന കാര്യമാണ് വിവിധ ഭാഷകള്‍ അറിഞ്ഞിരിക്കുന്നത്. എന്നാല്‍, പത്തിലേറെ ഭാഷകള്‍ അറിയുന്ന ഇന്ത്യന്‍ നടിയെ അറിയുമോ? അങ്ങനെയൊരു നടി ഇന്ത്യന്‍ സിനിമാലോകത്ത് ഉണ്ട്. മലയാളിയായ അസിന്‍ ആണ് അത്.
കേരളത്തില്‍ ജനിച്ച അസിന് ഏകദേശം 11 ഭാഷകള്‍ വശമുണ്ട്. ചുരുക്കി പറഞ്ഞാല്‍ അസിന്‍ ഒരു പോളിഗ്ലോട് ആണ്. ഒരുപാട് ഭാഷകള്‍ സംസാരിക്കുന്ന വ്യക്തിയെ ആണ് പോളിഗ്ലോട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
മലയാളമാണ് നടിയുടെ മാതൃഭാഷ. ഇതിനു പുറമേ ഇംഗ്ലീഷും താരം സ്‌കൂളില്‍ നിന്നും പഠിച്ചിട്ടുണ്ട്. തമിഴ് സിനിമകളില്‍ നിരവധി അഭിനയിച്ചതുകൊണ്ട് തമിഴ് സംസാരിക്കാന്‍ നന്നായി അറിയാം. ഇതിനു പുറമേ താരം തെലുങ്കും പഠിച്ചെടുത്തു. ഇതുകൂടാതെ സംസ്‌കൃതം, ഫ്രഞ്ച് എന്നീ ഭാഷകളും താരത്തിന് അറിയാം. ധാരാളം ഹിന്ദി സിനിമകളില്‍ അഭിനയിച്ചത് കൊണ്ട് ഹിന്ദിയും താരത്തിനു വ്യക്തമായി അറിയാം. ഇതുകൂടാതെ ഇറ്റാലിയന്‍, മറാട്ടി, ജര്‍മന്‍, സ്പാനിഷ് എന്നീ ഭാഷകളും താരം പഠിച്ചിട്ടുണ്ട്. ഖിലാഡി 786 എന്ന സിനിമയില്‍ താരം അവതരിപ്പിച്ച കഥാപാത്രം ഒരു മറാഠി പെണ്‍കുട്ടിയുടേത് ആയിരുന്നു. ഇങ്ങനെയാണ് താരം മറാഠി പഠിച്ചത്. അഭിനയിച്ച ഒട്ടുമിക്ക സിനിമകളിലും തന്റെ കഥാപാത്രങ്ങള്‍ക്കായി അസിന്‍ തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നതും.
തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അസിന്‍. കേരളത്തില്‍ ജനിച്ച അസിന്‍ മലയാളത്തിനു പുറമേ തമിഴിലും ഹിന്ദിയിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. 2001 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക' എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനൊപ്പം അഭിനയിക്കുമ്പോള്‍ അസിന്റെ പ്രായം വെറും 15 മാത്രം ! അസിന്റെ ആദ്യ സിനിമയായിരുന്നു അത്. പിന്നീട് തമിഴിലും തെലുങ്കിലുമായി അസിന്‍ തിളങ്ങി.
അസിന്‍ തോട്ടുങ്കല്‍ എന്നാണ് താരത്തിന്റെ ആദ്യ പേര്. അസിന്‍ മേരി എന്ന പേര് കൂടി താരത്തിനുണ്ട്. മുത്തശ്ശിയുടെ ഓര്‍മയായി അസിന്റെ പിതാവാണ് മേരി എന്ന് വിളിച്ചു തുടങ്ങിയത്. എന്നാല്‍ പിന്നീട് അസിന്‍ എന്ന് തന്നെ എല്ലാവരും വിളിക്കാന്‍ തുടങ്ങിയതോടെ മേരി എന്ന പേര് മറന്നു. കലര്‍പ്പില്ലാത്തത്, പരിശുദ്ധമായത് എന്നൊക്കെയാണ് അസിന്‍ എന്ന പേരിന് അര്‍ത്ഥം.
ഭരതനാട്യം, കഥകളി എന്നിവയില്‍ പരിശീലനം തേടിയ താരമാണ് അസിന്‍. മോഡലിങ് രംഗത്തുനിന്നാണ് അസിന്‍ സിനിമയിലെത്തിയത്.