നടി ലെന സംവിധായികയാകുന്നു, പുതിയ ചിത്രം അടുത്ത വര്‍ഷം

കെ ആര്‍ അനൂപ്| Last Modified ശനി, 17 ജൂലൈ 2021 (17:11 IST)

മലയാളികളുടെ പ്രിയ താരമാണ് ലെന. 23 വര്‍ഷത്തോളമായി നടി സിനിമയിലുണ്ട്. ഓളം എന്ന സിനിമ പ്രഖ്യാപിച്ചതോടെ തിരക്കഥാകൃത്ത് കൂടിയാകുകയാണ് ലെന. സ്വന്തമായി സ്‌ക്രിപ്റ്റ് എഴുതി ഒരു സിനിമ സംവിധാനം ചെയ്യണം എന്നാണ് താരത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. അത് വൈകാതെ തന്നെ നടക്കും.അടുത്ത വര്‍ഷത്തോടെ തന്റെ ആദ്യ സംവിധാന സംരംഭം പ്രഖ്യാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ലെന.

സംവിധായിക ആകാനുള്ള തയ്യാറെടുപ്പുകളിലാണ് നടി. ഓളത്തിന്റെ പ്രീ പ്രൊഡക്ഷനിലും മറ്റെല്ലാ മേഖലകളിലും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ലോക്ക് ഡൗണ്‍ കാലത്ത് സ്‌ക്രിപ്റ്റിങ്, ഫിലിം മേക്കിങ്, ഡയറക്ഷന്‍ ഓണ്‍ലൈനായി കോഴ്‌സുകളൊക്കെ നടി ചെയ്തിരുന്നു.യുകെയില്‍ പോയി ഇംഗ്ലീഷ് സിനിമയില്‍ പ്രവര്‍ത്തിച്ചത് വലിയ അനുഭവം ആയെന്നും ധാരാളം കോണ്‍ടാക്റ്റുകള്‍ ലഭിച്ചെന്നും നടി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അതേസമയം ഓളം എന്ന സിനിമ ചിങ്ങം ഒന്നിന് തുടങ്ങാനാണ് പദ്ധതിയിടുന്നത്.ഒരു സൈക്കോ ഹൊറര്‍ കോമഡി ചിത്രമാണിത്. രണ്ടുമണിക്കൂറോളം ദൈര്‍ഘ്യം വരുന്ന സിനിമയായിരിക്കും.

മലയാള സിനിമയിലെ പ്രിയ താരങ്ങള്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നു.അര്‍ജുന്‍ അശോകന്‍, ലെന, ബിനു പപ്പു, ഹരിശ്രീ അശോകന്‍, നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസ്‌കര്‍ ഛായാഗ്രഹണവും സംജിത്ത് മുഹമ്മദ് എഡിറ്റിങും നിര്‍വഹിക്കുന്നു. അരുണ്‍ തോമസാണ് സിനിമയ്ക്കായി സംഗീതമൊരുക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :