കെ ആര്‍ അനൂപ്|
Last Modified വെള്ളി, 5 ഏപ്രില്‍ 2024 (09:22 IST)
ആടുജീവിതം സിനിമ തമിഴിലേക്ക് പോകുകയാണെങ്കില്‍ അതില്‍ നായകന്‍ ആരാകും ? നജീബ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തമിഴില്‍നിന്ന് ഒരേ ഒരു നടനേ ബ്ലെസ്സിയുടെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ, അത് വിക്രമായിരുന്നു. വിക്രമിനെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അദ്ദേഹം സമീപിച്ചിരുന്നു. എന്നാല്‍ വിക്രം സിനിമ ചെയ്യാന്‍ തയ്യാറായില്ല.കാരണം തമിഴില്‍ ചിത്രം വര്‍ക്കാവില്ലെന്ന് താരത്തിന് ഉറപ്പുണ്ടായിരുന്നു. കേരളത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥയാണ് എന്നതാണ് നോ പറയാനുള്ള പ്രധാന കാരണം.
ആടുജീവിതം സിനിമ ഹിറ്റായതിന് പിന്നാലെ സിനിമ ഉപേക്ഷിക്കാനുള്ള കാരണത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിക്രം പറഞ്ഞ ഒരു അഭിമുഖമാണ് വൈറലാകുന്നത്. തമിഴില്‍ ലഭിക്കുന്ന റെമ്യൂണറേഷനും ബജറ്റും മലയാളത്തില്‍ ഉണ്ടാകില്ലെന്നും തന്നിലെ നടനെ അത്ഭുതപ്പെടുത്തുന്ന സ്‌ക്രിപ്റ്റുകള്‍ മലയാളത്തില്‍ നിന്ന് ലഭിക്കാറില്ലെന്നും അന്ന് വിക്രം പറഞ്ഞു. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യാവിഷന് നല്‍കിയ വിക്രമിന്റെ അഭിമുഖമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.
വിക്രമിന്റെ വാക്കുകളിലേക്ക്
തമിഴ് സിനിമയും മലയാള സിനിമയും മേക്കിങ്ങിന്റെ കാര്യത്തില്‍ വളരെ വ്യത്യാസമുള്ളവയാണ്.അവിടെ കിട്ടുന്ന റെമ്യൂണറേഷന്‍ ഇവിടെ കിട്ടില്ല. കൊമേഷ്യല്‍ സിനിമകള്‍ ചെയ്യുന്നതില്‍ ഇവിടെ ലിമിറ്റേഷനുകള്‍ ഉണ്ട്. അതുമാത്രമല്ല എന്നിലെ നടനെ അത്ഭുതപ്പെടുത്തുന്നതൊന്നും എനിക്ക് മലയാളത്തില്‍ നിന്ന് കിട്ടാറില്ല. ആടുജീവിതം തമിഴില്‍ ചെയ്യാന്‍ ബ്ലെസ്സി സാര്‍ എന്നെ സമീപിച്ചിരുന്നു. എന്നാല്‍ ആ നോവലിന്റെ കഥയും കഥാപാത്രവും കൂടുതല്‍ കണക്ട് ആയിരിക്കുന്നത് കേരളത്തോടാണ്.
ജോലിക്ക് വേണ്ടി ഗള്‍ഫിലേക്ക് പോകുന്നത് തമിഴ്‌നാട്ടിലെ പ്രേക്ഷകര്‍ക്ക് കണക്ട് ആവാത്ത സംഭവമാണ്. പക്ഷേ കേരളവും ഗള്‍ഫുമായി നല്ല കണക്ഷന്‍ ഉണ്ട്. കേള്‍ക്കുമ്പോള്‍ തന്നെ കേരളവുമായി കണക്ഷനാണ് പലര്‍ക്കും ഓര്‍മ്മവരിക.ആ ഒരു കെമിസ്ട്രി തമിഴില്‍ വര്‍ക്ക് ആവില്ല.