‘കൃഷ്ണനും രാധയും’ വന്‍ ഹിറ്റായതോടെ സന്തോഷ് പണ്ഡിറ്റ് തിരക്കിലാണ്. ചാനലായ ചാനലുകളിലെല്ലാം അഭിമുഖങ്ങളും ടോക്ഷോകളും. അച്ചടിമാധ്യമങ്ങളിലെല്ലാം നിറഞ്ഞുനില്ക്കുന്നു. നാടെങ്ങും ഉദ്ഘാടനച്ചടങ്ങുകള്‍. ചില കടക്കാര്‍ക്ക് മമ്മൂട്ടിയോ മോഹന്‍ലാലോ ഉദ്ഘാടനം ചെയ്താല്‍ പോലും ഇപ്പോള്‍ തൃപ്തിയാകുന്നില്ല. അവര്‍ക്ക് സന്തോഷ് പണ്ഡിറ്റ് മതി. അതാണ് ട്രെന്‍ഡ്. സന്തോഷ് പണ്ഡിറ്റ് വന്നാല്‍ ആളുകൂടും. അങ്ങനെ ഉദ്ഘാടനം ചെയ്യപ്പെടുന്ന കടയും ഫെയ്മസാകും. പിന്നെ സന്തോഷ് എവിടെപ്പോയി എന്തുപറഞ്ഞാലും അത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി യൂട്യൂബിലിടന് ചിലര്‍. ആ വഴിക്കും പ്രശസ്തി. ചീമുട്ടയേറുപോലെ ചില്ലറ പ്രശ്നങ്ങളുണ്ടാകുമെന്നതൊഴിച്ചാല് സംഗതി ലാഭകരമായ കാര്യം തന്നെ.
പൃഥ്വിരാജിനോടൊപ്പം അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്നാണ് സന്തോഷ് പണ്ഡിറ്റ് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ പൃഥ്വിയാണോ സന്തോഷിന്റെ ഇഷ്ടതാരം? തീര്‍ച്ചയായും അല്ല. സന്തോഷിന് ഏറ്റവും ഇഷ്ടമുള്ള നടന് യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ തന്നെ. പക്ഷേ, മോഹന്‍ലാലിനൊപ്പം അഭിനയിക്കണമെന്ന അതിമോഹമൊന്നും സന്തോഷിനില്ല. മോഹന്‍ലാലിന്റെ ‘ചിത്രം’ ആണ് സന്തോഷിന്റെ പ്രിയപ്പെട്ട സിനിമ. അതുപോലെ ഒരു സിനിമയെടുക്കാന്‍ സന്തോഷിന് കഴിയുമോ? വാശിപിടിപ്പിക്കരുത്. ചിലപ്പോള്‍ അതും ചെയ്തുകളയും.
ബോളിവുഡ് സുന്ദരി കരീന കപൂറാണ് സന്തോഷിന്റെ പ്രിയപ്പെട്ട നായിക. ‘കൃഷ്ണനും രാധയും’ വന്‍ ഹിറ്റായി കാശൊക്കെയായല്ലോ. ഇനി വേണമെങ്കില്‍ കരീനയെ നായികയാക്കാമെന്നും മോഹിക്കാം. പക്ഷേ സന്തോഷ് മനസ്സിലുള്ളതെല്ലാം പുറത്തുപറയില്ല.
സിനിമ മാത്രമല്ല, ക്രിക്കറ്റിലും കമ്പമുണ്ട് സന്തോഷ് പണ്ഡിറ്റിന്. സച്ചിന് ടെണ്ടുല്‍ക്കറാണ് ഇഷ്ടതാരം. ക്രിക്കറ്റിനെപ്പറ്റി സിനിമയെടുക്കുമോ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. ലഗാന്‍, ചെന്നൈ 600028 ഒക്കെ മറ്റുള്ളവര്‍ എടുത്തതുകൊണ്ട് തല്ക്കാലം സന്തോഷ് പണ്ഡിറ്റില് നിന്ന് അത് പ്രതീക്ഷിക്കേണ്ട.