പൃഥ്വിയും സുരേഷ്ഗോപിയും മമ്മൂട്ടിയും ഒന്നിക്കുന്നു!

WEBDUNIA|
PRO
പൃഥ്വിരാജും സുരേഷ്ഗോപിയും മമ്മൂട്ടിയും ഒന്നിക്കുന്നു. സിനിമയിലല്ല, ഒരു ചാനല്‍ പ്രോഗ്രാമിലാണ് ഈ സൂപ്പര്‍താര സംഗമം. ‘കോന്‍ ബനേഗാ ക്രോര്‍പതി’ മോഡല്‍ പ്രോഗ്രാമുമായി എത്തുന്നത് ഏഷ്യാനെറ്റാണ്. കോടികള്‍ സമ്മാനമായി നല്‍കുന്ന ഗെയിം‌ഷോയാണ് ഏഷ്യാനെറ്റ് ലക്‍ഷ്യമിടുന്നത്. പൃഥ്വിരാജും സുരേഷ്ഗോപിയും മമ്മൂട്ടിയും മാറിമാറി ഈ പരിപാടി അവതരിപ്പിക്കും.

ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഇപ്പോള്‍ വേണ്ടത്ര ഏല്‍ക്കാത്തത് ചാനലിനെ കുഴപ്പത്തിലാക്കിയിരുന്നു. സൂര്യയില്‍ മുകേഷിന്‍റെ ഗെയിംഷോ ‘ഡീല്‍ ഓര്‍ നോ ഡീല്‍’ വന്‍ ഹിറ്റായി തുടരുന്നതും, ഏഷ്യാനെറ്റിന്‍റെ എല്ലാമെല്ലാമായിരുന്ന ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തില്‍ പുതിയ ചാനല്‍ ‘മഴവില്‍ മനോരമ’ വരുന്നതുമാണ് കളം പിടിക്കാന്‍ പുതിയ തന്ത്രങ്ങള്‍ പരീക്ഷിക്കാന്‍ ഏഷ്യാനെറ്റിനെ പ്രേരിപ്പിച്ചത്.

പുതിയ ഗെയിംഷോയുടെ ആശയം ജോണ്‍ ബ്രിട്ടാസിന്‍റേതാണ്. പ്രോഗ്രാമിന്‍റെ പെര്‍ഫെക്ഷനായി എത്ര പണം ചെലവഴിക്കാനും ചാനല്‍ തയ്യാറായിട്ടുണ്ട്. സാമൂഹികപ്രാധാന്യമുള്ള ചോദ്യങ്ങളാണ് ഗെയിംഷോയില്‍ ഉള്‍പ്പെടുത്തുക. ഇന്ത്യയില്‍ ഇതുവരെ ഒരു ചാനലും നല്‍കിയിട്ടില്ലാത്തത്ര വലിയ സമ്മാനത്തുകയായിരിക്കും ഈ ഗെയിംഷോയുടെ മറ്റൊരു ആകര്‍ഷണ ഘടകം.

അടുത്തിടെ പൃഥ്വിരാജ് ‘ഇന്ത്യന്‍ റുപ്പി’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ഗെയിംഷോ അവതരിപ്പിച്ചിരുന്നു. ഏഷ്യാനെറ്റ് തന്നെയായിരുന്നു ആ ഗെയിംഷോയും സം‌പ്രേക്ഷണം ചെയ്തത്. ഗെയിംഷോ അവതരണത്തില്‍ പൃഥ്വിയുടെ പാടവം തിരിച്ചറിഞ്ഞതോടെയാണ് ജോണ്‍ ബ്രിട്ടാസ് ഇങ്ങനെയൊരു ആശയം ചാനല്‍ അധികൃതര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :