കൈരളിയില്‍ നിന്ന് മമ്മൂട്ടി പുറത്താകും?

WEBDUNIA|
PRO
PRO
മമ്മൂട്ടിയും സുരേഷ്ഗോപിയും പൃഥ്വിരാജും ഒന്നിക്കുന്ന വ്യത്യസ്തമായൊരു ഗെയിംഷോ ഏഷ്യാനെറ്റില്‍ ആരംഭിക്കാന്‍ പോകുകയാണ്. ‘കോന്‍ ബനേഗാ ക്രോര്‍പതി’ എന്ന പ്രോഗ്രാമിന്റെ മാതൃകയില്‍, കോടികള്‍ സമ്മാനമായി നല്‍കുന്ന ഗെയിം‌ഷോ എന്ന ആശയം ജോണ്‍ ബ്രിട്ടാസിന്‍റേതാണ്.

ബ്രിട്ടാസിന്റെ സമ്മര്‍ദ്ദം മൂലമാണ് മമ്മൂട്ടി അവതാരകനാകാന്‍ സമ്മതം മൂളിയത് എന്നാണ് സൂചന. ബ്രിട്ടാസ് കൈരളിയില്‍ നിന്ന് പടിയിറങ്ങിയിട്ട് നാളുകളേറെയായി. പക്ഷേ ചാനല്‍ ചെയര്‍മാന്‍ മമ്മൂട്ടിയുമായി നല്ലബന്ധം തുടരുന്നുണ്ട്. എന്നാല്‍ മമ്മൂട്ടി ഏഷ്യാനെറ്റില്‍ അവതാരകനാകുന്നതിനെതിരേ കൈരളിയില്‍ വിപ്ലവകാഹളം മുഴങ്ങിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. സി പി എമ്മിനും ഇക്കാര്യത്തില്‍ അതൃപ്തിയുണ്ട്. അവതാരകനാവുകയാണെങ്കില്‍ മമ്മൂട്ടിയെ മലയാളം കമ്മ്യൂണിക്കേഷന്‍സ്‌ ലിമിറ്റഡിന്റെ ചെയര്‍മാന്‍ സ്ഥാനത്ത്‌ നിന്ന്‌ മാറ്റണമെന്നാണ് ആവശ്യം. ചെയര്‍മാനായി തുടരുന്നതിനിടെ മര്‍ഡോക്ക് എന്ന കുത്തകഭീമന്റെ ചാനലില്‍ മമ്മൂട്ടി അവതാരകനാകുന്നത് ചുമ്മാ കണ്ടുനില്‍ക്കാന്‍ ഇവര്‍ തയ്യാറാവില്ലെന്ന് ചുരുക്കം.

പൃഥ്വിരാജും സുരേഷ്ഗോപിയും മമ്മൂട്ടിയും മാറിമാറിയാവും ഗെയിംഷോ അവതരിപ്പിക്കുക. ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഇപ്പോള്‍ വേണ്ടത്ര ഏല്‍ക്കുന്നില്ലെന്ന് ചാനല്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. സൂര്യയില്‍ മുകേഷിന്‍റെ ഗെയിംഷോ ‘ഡീല്‍ ഓര്‍ നോ ഡീല്‍’ വന്‍ ഹിറ്റായി തുടരുന്നതും, ഏഷ്യാനെറ്റിന്‍റെ എല്ലാമെല്ലാമായിരുന്ന ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തില്‍ പുതിയ ചാനല്‍ ‘മഴവില്‍ മനോരമ’ വരുന്നതുമാണ് കളം പിടിക്കാന്‍ പുതിയ തന്ത്രങ്ങള്‍ പരീക്ഷിക്കാന്‍ ഏഷ്യാനെറ്റിനെ പ്രേരിപ്പിച്ചത്.

സാമൂഹികപ്രാധാന്യമുള്ള ചോദ്യങ്ങളാണ് ഗെയിംഷോയില്‍ ഉള്‍പ്പെടുത്തുക. ഇന്ത്യയില്‍ ഇതുവരെ ഒരു ചാനലും നല്‍കിയിട്ടില്ലാത്തത്ര വലിയ സമ്മാനത്തുകയായിരിക്കും ഈ ഗെയിംഷോയുടെ മറ്റൊരു ആകര്‍ഷണ ഘടകം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :