മലയാളത്തെ രക്ഷിക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലുമില്ല!

WEBDUNIA|
PRO
ഇപ്പോള്‍ കേരളത്തിലെ തിയേറ്ററുകള്‍ സന്ദര്‍ശിച്ചാല്‍ നമ്മള്‍ നില്‍ക്കുന്നത് ചെന്നൈയില്‍ ആണെന്നു തോന്നും. മിക്ക റിലീസിംഗ് കേന്ദ്രങ്ങളിലും കളിക്കുന്നത് തമിഴ് ചിത്രങ്ങള്‍. വേലായുധം, ഏഴാം അറിവ്, എങ്കേയും എപ്പോതും, മുരണ്‍ തുടങ്ങി മേജര്‍ സെന്‍ററുകളെല്ലാം തമിഴ് സിനിമകള്‍ കയ്യേറിയിരിക്കുകയാണ്. ബാക്കി കേന്ദ്രങ്ങളില്‍ ഷാരുഖ് ഖാന്‍റെ രാ വണ്‍ തകര്‍ക്കുന്നു.

മലയാളത്തിന്‍റെ മെഗസ്റ്റാറുകളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ഉള്‍പ്പടെയുള്ള സിനിമകള്‍ ദീപാവലി കാലത്ത് മാളത്തിലൊളിച്ചിരിക്കുകയാണ്. ഏഴാം അറിവിനോടോ വേലായുധത്തോടോ എതിര്‍ക്കാന്‍ തയ്യാറായി ധൈര്യപൂര്‍വം ഒരു സിനിമ പോലും ദീപാവലിക്കാലത്ത് എത്തിയില്ല എന്നതാണ് മലയാള സിനിമാപ്രേമികളെ വേദനിപ്പിക്കുന്നത്.

അന്യഭാഷാചിത്രങ്ങളെ കേരളക്കരയില്‍ ഇങ്ങനെ കയറൂരിവിടുന്നത് ശരിയല്ല എന്ന അഭിപ്രായം പരക്കെ ഉയര്‍ന്നിട്ടുണ്ട്. അന്യഭാഷാ ചിത്രങ്ങള്‍ നൂറിലധികം റിലീസിംഗ് സെന്‍ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയും മലയാള ചിത്രങ്ങള്‍ക്ക് തിയേറ്ററുകള്‍ നല്‍കാതിരിക്കുകയും ചെയ്യുന്ന പ്രവണത ശരിയല്ല.

മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജും ദിലീപും ജയറാമും അടങ്ങിയ മലയാളത്തിന്‍റെ അംബാസഡര്‍മാര്‍ തന്നെയാണ് മലയാള സിനിമയെ അന്യഭാഷാചിത്രങ്ങളുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കാന്‍ മുന്നിട്ടിറങ്ങേണ്ടത്. വലിയ തമിഴ് - ഹിന്ദി ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുമ്പോള്‍ അതിനൊപ്പം തങ്ങളുടെ സിനിമകള്‍ റിലീസ് ചെയ്യാന്‍ മമ്മൂട്ടിയും മോഹന്‍ലാലും തയ്യാറാകണം. മമ്മൂട്ടിയുടെയോ ലാലിന്‍റെയോ സിനിമ ഉണ്ടെങ്കില്‍ മലയാളത്തിലെ പ്രേക്ഷകര്‍ അന്യഭാഷാചിത്രങ്ങള്‍ കളിക്കുന്ന തിയേറ്ററുകള്‍ തേടിപ്പോകില്ല എന്നുറപ്പാണ്.

വേലായുധവും ഏഴാം അറിവും 111 സ്ക്രീനുകളിലാണ് കേരളത്തില്‍ റിലീസായത്. അതിനൊപ്പം തന്നെ രാ വണും. ഇങ്ങനെ അന്യഭാഷാചിത്രങ്ങള്‍ക്ക് വ്യാപക റിലീസ് അനുവദിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണം. സമരവും തൊഴുത്തില്‍കുത്തും ചെളിവാരിയേറും അവസാനിപ്പിച്ച് മലയാള സിനിമയുടെ നന്‍‌മയ്ക്കായി പ്രവര്‍ത്തിക്കാന്‍ സംഘടനകള്‍ തയ്യാറാകുന്ന കാലം വരണമെന്നാണ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :