സിംഹാസനവും വീണു. പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും വലിയ തിരിച്ചടികളിലൊന്ന്. ഇതോടെ പൃഥ്വിയെ നായകനാക്കി പ്ലാന്‍ ചെയ്തിരുന്ന പല പ്രൊജക്ടുകളും അനിശ്ചിതത്വത്തിലായതായി റിപ്പോര്‍ട്ട്. പുതിയ വാര്‍ത്ത, സാമ്രാജ്യത്തിന്‍റെ രണ്ടാം ഭാഗമായ ‘സണ്‍ ഓഫ് അലക്സാണ്ടര്‍’ പൃഥ്വിരാജിനെ ഒഴിവാക്കി മുമ്പോട്ടുപോകും എന്നാണ്. പൃഥ്വിരാജിന് പകരം ഈ ചിത്രത്തിലേക്ക് മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കിയിരിക്കുന്നു.
പൃഥ്വിരാജിന്‍റെ ഡേറ്റ് പ്രോബ്ലങ്ങള്‍ മൂലമാണ് അദ്ദേഹത്തെ സാമ്രാജ്യത്തിന്‍റെ രണ്ടാം ഭാഗത്തില്‍ നിന്ന് മാറ്റിയതെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിശദീകരണം. എന്നാല്‍ ഈ വര്‍ഷം മാസ്റ്റേഴ്സ്, ഹീറോ, മഞ്ചാടിക്കുരു, ബാച്ച്‌ലര്‍ പാര്‍ട്ടി, സിംഹാസനം എന്നീ പൃഥ്വിച്ചിത്രങ്ങളാണ് ബോക്സോഫീസ് പരാജയമേറ്റുവാങ്ങിയത്. പൃഥ്വിയുടെ താരാമൂല്യത്തില്‍ വന്ന വീഴ്ച ബോധ്യമായ ‘സണ്‍ ഓഫ് അലക്സാണ്ടര്‍’ അണിയറപ്രവര്‍ത്തകര്‍, പൃഥ്വിക്ക് പകരം ദുല്‍ക്കറിനെ ചിത്രത്തിലേക്ക് തീരുമാനിക്കുകയായിരുന്നു. തമിഴ് സംവിധായകന്‍ പേരരശ് മലയാളത്തില്‍ ചെയ്യുന്ന ആദ്യചിത്രമാണ് ‘സാമ്രാജ്യം 2 - സണ്‍ ഓഫ് അലക്സാണ്ടര്‍’.
21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോമോന്‍ സംവിധാനം ചെയ്ത സാമ്രാജ്യം എന്ന മെഗാഹിറ്റിന്‍റെ രണ്ടാം ഭാഗമാണ് സണ്‍ ഓഫ് അലക്സാണ്ടര്‍. സാമ്രാജ്യത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച അലക്സാണ്ടര്‍ എന്ന അധോലോക നായകന്‍റെ മകന്‍ ആണ് സണ്‍ ഓഫ് അലക്സാണ്ടറിലെ നായകകഥാപാത്രം. തെന്നിന്ത്യയിലെ വമ്പന്‍മാരായ പ്രകാശ് രാജ്, അര്‍ജുന്‍ എന്നിവര്‍ സണ്‍ ഓഫ് അലക്സാണ്ടറില്‍ അഭിനയിക്കും. ബിജു മേനോന്‍, മനോജ് കെ ജയന്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും ചിത്രത്തില്‍ അണിനിരക്കും. നായികയെ തീരുമാനിച്ചിട്ടില്ല. ത്രിഷയോ അസിനോ നായികയായി എത്തുമെന്നാണ് വിവരം. മുഹമ്മദ് ഷഫീക്കാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.
സാമ്രാജ്യം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ്. ജോമോന്‍റെ ആദ്യ ചിത്രമായിരുന്നു അത്. അതിന് ശേഷം അനശ്വരം, ജാക്പോട്ട്, യാദവം, കര്‍മ, സിദ്ദാര്‍ത്ഥ, ഉന്നതങ്ങളില്‍, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം എന്നീ സിനിമകള്‍ ജോമോന്‍ ഒരുക്കി. എന്നാല്‍ ഈ സിനിമകളൊന്നും സാമ്രാജ്യം എന്ന ചിത്രത്തിന്‍റെ വിജയം ആവര്‍ത്തിച്ചില്ല.
വാല്‍ക്കഷണം: സാമ്രാജ്യത്തിന്‍റെ രണ്ടാം ഭാഗത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുമ്പോള്‍ അതിന് വലിയൊരു സവിശേഷതയുണ്ട്. പിതാവ് അവതരിപ്പിച്ച ഒരു കഥാപാത്രത്തിന്‍റെ മകനായി രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം പുത്രന്‍ വേഷമിടുന്നു എന്നതാണത്. അതുകൊണ്ടുതന്നെ സണ്‍ ഓഫ് അലക്സാണ്ടറായി അഭിനയിക്കാന്‍ പൃഥ്വിരാജിനേക്കാള്‍ അനുയോജ്യന്‍ ദുല്‍ക്കര്‍ തന്നെ!