തലസ്ഥാനത്തിന്‍റെ വമ്പന്‍ വിജയം സുരേഷ്ഗോപിയെ തിരക്കുള്ള നായകനടമാരിലൊരാളാക്കി. എന്നാല്‍ 'കമ്മീഷണറി"ലെ ഭരത് ചന്ദ്രന്‍ ഐ.പി.എസ്സാണ് ഇദ്ദേഹത്തെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുയര്‍ത്തിയത്. കുത്തഴിഞ്ഞ സാമൂഹിക വ്യവസ്ഥിതിയോട് ശക്തിയുക്തം പ്രതികരിച്ച ഭരത്ചന്ദ്രന്‍ മലയാളികളുടെ നിര്‍ത്താത്ത കൈയ്യടി നേടി.
'ഏകലവ്യ"നിലെ മാധവന്‍ ഐ.പി.എസ്സും വമ്പന്‍ ഹിറ്റായിരുന്നു. നെറികെട്ട വര്‍ത്തമാന കാലത്തോട്, നാറിയ രാഷ്ട്രീയ വാര്‍ത്തകളോട് ഏതു ശുദ്ധമനുഷ്യന്‍റേയും നിശ്ശബ്ദവും നിഗൂഡവുമായ പ്രതിഷേധങ്ങള്‍ വെള്ളിത്തിരയില്‍ പൗരഷമുള്ള ശബ്ദത്തില്‍ പ്രകടിപ്പിക്കുന്നതു കണ്ട് പ്രേക്ഷകര്‍ സുരേഷ്ഗോപിക്കൊരു ഓമനപ്പേരിട്ടു : 'ദി റോറിംഗ് ലയണ്‍ ഓഫ് കേരള"
'ഏകലവ്യ"നും, 'കമ്മീഷണറും" തുടര്‍ന്ന് 'ലേല"വും 'പത്ര"വുമാക്കെ സുരേഷിന്‍റെ കഥാപാത്രങ്ങള്‍ക്കു നല്‍കിയത് ശബ്ദത്തിന്‍റെ കരുത്താണ്. 'നീ എന്താടാ ഇങ്ങനെ" എന്നു ചോദിക്കുമ്പോള്‍ 'തന്തയ്ക്കു പിറന്നതു കൊണ്ട്" എന്നു പ്രതിവചിക്കുന്ന കരുത്തുറ്റ ശൈലി.
ജീവിതത്തില്‍ ഐ.പി.എസ്സു കാരനാകാന്‍ മോഹിച്ചയാളാണ് സുരേഷ്ഗോപി. അങ്ങനെ മോഹിക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ മനസ്സില്‍, സര്‍വ്വീസില്‍ പ്രവേശിക്കുന്നതിനു മുമ്പ് അനീതിക്കെതിരെ ഒറ്റയ്ക്കു പടനയിക്കുന്ന ഒരു ഹീറോയുടെ സങ്കല്‍പരൂപമുണ്ടായിരിക്കുമല്ലോ. അതുതന്നെയാണ് സുരേഷ്ഗോപിയുടെ റോള്‍ മോഡല്‍.