ഷാജി കൈലാസ് - ദി കിംഗ് ഓഫ് ത്രില്ലേഴ്സ്!

റിഷി ഡോണ്‍ ഗസല്‍

PRO
‘നരസിംഹം’ വന്നത് 2000ലാണ്. രഞ്ജിത്തിന്‍റെ തിരക്കഥയില്‍ ഷാജി ഒരുക്കിയ ആ സിനിമ മലയാളത്തിലെ ഏറ്റവും വലിയ മെഗാഹിറ്റായി. ഷാജി കൈലാസിന്‍റെയും മോഹന്‍ലാലിന്‍റെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റ്. ചിത്രത്തിലെ ‘മോനേ ദിനേശാ...’ എന്ന പ്രയോഗം ഇപ്പോഴും മലയാളിയുടെ ചുണ്ടുകളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നു. മമ്മൂട്ടി ഈ ചിത്രത്തില്‍ നന്ദഗോപാല്‍ മാരാര്‍ എന്ന സുപ്രീം കോടതി അഭിഭാഷകനായി അതിഥിവേഷത്തിലെത്തി. നരസിംഹം സംഭവിച്ചതോടെ അതിന് മേലെ ഒരു മോഹന്‍ലാല്‍ ചിത്രം ഒരുക്കുക എന്നത് ശ്രമകരമായിത്തീര്‍ന്നു. അത്രയും ഹൈ വോള്‍ട്ടേജ് ആക്ഷന്‍ - ഫാമിലി ഡ്രാമയായിരുന്നു ആ സിനിമ. അതിന് ശേഷം മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്തിന്‍റെ തന്നെ തിരക്കഥയില്‍ ‘വല്യേട്ടന്‍’ എടുത്തു ഷാജി കൈലാസ്. അതും വന്‍ വിജയമായി.

പിന്നീട് ഷാജി കൈലാസ് എന്ന സംവിധായകന് വീഴ്ചകളുടെ കാലമായിരുന്നു. വാഞ്ചിനാഥന്‍(തമിഴ്), ശിവം, താണ്ഡവം, വിഷ്ണു(തെലുങ്ക്), ജന(തമിഴ്) എന്നിങ്ങനെ തുടര്‍ച്ചയായി പരാജയങ്ങള്‍. മോഹന്‍ലാല്‍ നായകനായ താണ്ഡവത്തിന്‍റെ പരാജയം ഷാജി കൈലാസിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇടയ്ക്കെത്തിയ നാട്ടുരാജാവ് ശരാശരി വിജയമായി. ടി എ ഷാഹിദായിരുന്നു ആ ചിത്രത്തിന്‍റെ തിരക്കഥ. പിന്നീട് രണ്ട് സൂപ്പര്‍ഹിറ്റുകള്‍ - ബി ഉണ്ണികൃഷ്ണന്‍റെ തിരക്കഥയില്‍ ദി ടൈഗര്‍, എ കെ സാജന്‍റെ തിരക്കഥയില്‍ ചിന്താമണി കൊലക്കേസ്.

ദിലീപുമായി ഷാജി കൈലാസ് ആദ്യമായി കൈകോര്‍ത്ത ‘ദി ഡോണ്‍’ കനത്ത പരാജയമായി. പിന്നീട് എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ ‘ബാബാകല്യാണി’ എന്ന ഹിറ്റ്. എന്നാല്‍ ബാബാകല്യാണിക്ക് ശേഷം ഷാജി കൈലാസ് തന്‍റെ കരിയറിലെ ഏറ്റവും മോശം കാലത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ടൈം, അലിഭായ്, സൌണ്ട് ഓഫ് ബൂട്ട്, എല്ലാം അവന്‍ സെയല്‍(തമിഴ്), റെഡ് ചില്ലീസ്, ദ്രോണ2010 എന്നീ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു. ഇടയ്ക്ക് കേരള കഫെ എന്ന സിനിമാ സീരീസിലെ ലളിതം ഹിരണ്‍‌മയം എന്ന ലഘുചിത്രവും ഷാജി ചെയ്തു. ദ്രോണയുടെ പരാജയശേഷം സിനിമ ഉപേക്ഷിച്ചാലോ എന്നുപോലും ഷാജി ചിന്തിച്ചു. അവിടെ നിന്ന് ഷാജി കൈലാസിനെ മടക്കിക്കൊണ്ടുവന്നത് മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിക്ക് വേണ്ടി ആഗസ്റ്റ് 15 എന്ന സിനിമയൊരുക്കി. അതും ബോക്സോഫീസ് ദുരന്തമായി.

WEBDUNIA|
പരാജയത്തിന്‍റെ കനത്ത ആഘാതത്തില്‍ നില്‍ക്കുന്ന ഷാജി കൈലാസ് ഒരു വലിയ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ എന്ന ബിഗ് പ്രൊജക്ട് റിലീസാകുന്നു. ഷാജിയുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്‍ രണ്‍ജി പണിക്കര്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജിക്കായി തിരക്കഥ രചിക്കുന്നു. സിനിമ വന്‍ വിജയമായാല്‍ മലയാളത്തിലെ ആക്ഷന്‍ ത്രില്ലറുകളുടെ ചക്രവര്‍ത്തിക്ക് വീണ്ടും നല്ലകാലം പിറക്കും. കിംഗ് ആന്‍റ് കമ്മീഷണര്‍ മറ്റൊരു നരസിംഹമാകട്ടെ എന്ന് ആശംസിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :