കേരളത്തില്‍ ഡ്രഗ്സ് മാഫിയ പിടിമുറുക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന കാലം. അതിനെതിരെയാകട്ടെ തങ്ങളുടെ അടുത്ത സിനിമയെന്ന് ഷാജിയും രണ്‍ജിയും തീരുമാനിച്ചു. ഒപ്പം, കപടസ്വാമിമാരുടെ മുഖംമൂടി പൊളിച്ചുകാട്ടണമെന്നും ആലോചിച്ചു. അതിന്‍റെ ഫലമായിരുന്നു ‘ഏകലവ്യന്‍’. ആന്‍റി നാര്‍ക്കോട്ടിക് വിംഗ് തലവന്‍ മാധവന്‍ എന്ന കഥാപാത്രമായി സുരേഷ്ഗോപി ജ്വലിച്ചു. മമ്മൂട്ടിയെ ആയിരുന്നു മാധവന്‍ ആകാനായി ഷാജി ആദ്യം സമീപിച്ചത്. കഥാപാത്രത്തിന്‍റെ ഡെപ്ത് തിരിച്ചറിയാതെ മമ്മൂട്ടി ഈ സിനിമ വേണ്ടെന്നുവച്ചു. പകരം സുരേഷ്ഗോപിയെത്തുകയായിരുന്നു. ഈ സിനിമയോടെ മമ്മൂട്ടിക്കും, മോഹന്‍ലാലിനുമൊപ്പം മൂന്നാമത്തെ സൂപ്പര്‍താരമായി സുരേഷ്ഗോപി മാറുകയായിരുന്നു. ‘എന്‍റെ എല്ലാ സൌഭാഗ്യങ്ങളുടെയും തുടക്കം ഏകലവ്യന്‍ എന്ന ചിത്രമായിരുന്നു” - സുരേഷ്ഗോപി പറയുന്നു. സ്വാമി അമൂര്‍ത്താനന്ദ എന്ന കഥാപാത്രത്തെ നരേന്ദ്രപ്രസാദ് അനശ്വരമാക്കി.
“എടോ, ഒരു സന്യാസിക്ക് തെമ്മാടിയാകാം. തെമ്മാടിക്ക് ഒരിക്കലും ഒരു സന്യാസിയാകാനാവില്ല. കണ്ണിമേരാ മാര്‍ക്കറ്റിലും സെക്രട്ടേറിയറ്റിന്‍റെ പിന്നിലും ഒന്നരയണയ്ക്ക് കഞ്ചാവ് വിറ്റുനടന്ന ഒരു ചരിത്രമില്ലേ തനിക്ക്?. അതെല്ലാം തെളിയിച്ചിട്ടേ മാധവന്‍ പോകൂ. ആയുഷ്മാന്‍ ഭവഃ” - ഏകലവ്യനിലെ ഡയലോഗുകള്‍ തിയേറ്ററുകളില്‍ ഇടിമുഴക്കം സൃഷ്ടിച്ചു. ഒരു ആള്‍ദൈവത്തെ വില്ലനായി ചിത്രീകരിച്ചതിന്‍റെ ഭവിഷ്യത്തുകള്‍ ഏകലവ്യന്‍റെ റിലീസിന് ശേഷം ഷാജി കൈലാസും രണ്‍ജി പണിക്കരും അനുഭവിച്ചു. ഇരുവരുടെയും വീടുകള്‍ ആക്രമിക്കപ്പെട്ടു. സിനിമയുടെ പ്രദര്‍ശനം തടയാനും ശ്രമമുണ്ടായി. 150 ദിവസമാണ് കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഏകലവ്യന്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്.
‘സ്ഥലത്തെ പ്രധാന പയ്യന്‍സ്’ ആയിരുന്നു ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ ടീമിന്‍റെ അടുത്ത ഫയര്‍. ജഗദീഷ് എന്ന കോമഡി നടനെ ആക്ഷന്‍ പരിവേഷത്തോടെ അവതരിപ്പിച്ച ചിത്രം. ജനകീയനായ ആഭ്യന്തരമന്ത്രിയായി ജഗദീഷ് കസറി. ജഗദീഷിന്‍റെ വാക്ചാതുര്യം ഒരു രാഷ്ട്രീയക്കാരന് ചേര്‍ന്നതാണെന്ന ഷാജിയുടെ കണ്ടെത്തലാണ് ഗോപാലകൃഷ്ണന്‍ എന്ന ആ കഥാപാത്രത്തിലേക്ക് ജഗദീഷ് വന്നെത്താന്‍ കാരണം. വന്‍ ഹിറ്റായി മാറിയ ആ സിനിമയ്ക്ക് ശേഷം 1993ല്‍ ഷാജി - രണ്‍ജി - സുരേഷ്ഗോപി ത്രയത്തിന്‍റെ ‘മാഫിയ’ എന്ന സിനിമ സംഭവിച്ചു. ബാംഗ്ലൂരില്‍ ചിത്രീകരിച്ച ഈ സിനിമ ഒരു അധോലോക കഥയാണ് പറഞ്ഞത്. രവിശങ്കര്‍ എന്ന കഥാപാത്രമായി സുരേഷ്ഗോപി തിളങ്ങി. പ്രഭാകര്‍, ബാബു ആന്‍റണി എന്നിവരായിരുന്നു വില്ലന്‍മാര്‍. മാഫിയയില്‍ സുരേഷ്ഗോപിയുടെ അനുജന്‍റെ വേഷം ചെയ്തത് പിന്നീട് തമിഴകത്തെ സൂപ്പര്‍സ്റ്റാറായി മാറിയ സാക്ഷാല്‍ വിക്രം ആയിരുന്നു!
1994ലാണ് ഷാജി കൈലാസ് ‘കമ്മീഷണര്‍’ ചെയ്യുന്നത്. അതുവരെയുണ്ടായിരുന്ന സകല ബോക്സോഫീസ് റെക്കോര്‍ഡുകളും തകര്‍ത്തു ഭരത്ചന്ദ്രന്‍. ഷാജിയുടെ മുന്‍ ചിത്രങ്ങളെപ്പോലെ കമ്മീഷണറും കേരള രാഷ്ട്രീയത്തില്‍ വിവാദങ്ങള്‍ സൃഷ്ടിച്ചു. പല നേതാക്കളുടെയും ഉറക്കം കെടുത്തി. രാഷ്ട്രീയ സിനിമകള്‍ക്ക് കൃത്യമായ സെന്‍സറിംഗ് ഏര്‍പ്പെടുത്തണമെന്ന് വാദമുണ്ടായി. എന്തായാലും ഭരത്ചന്ദ്രന്‍ എന്ന ഐ പി എസ് ഓഫീസറെ കേരളത്തിലെ പൊലീസുകാര്‍ മാതൃകയായി കാണാന്‍ തുടങ്ങി.