ഷാജി കൈലാസ് - ദി കിംഗ് ഓഫ് ത്രില്ലേഴ്സ്!

റിഷി ഡോണ്‍ ഗസല്‍

PRO
കമ്മീഷണര്‍ക്ക് ശേഷം ഷാജി കൈലാസ് രണ്‍ജി പണിക്കരെ വിട്ട് രഞ്ജിത്തിനെ അടുത്ത ചിത്രം എഴുതാന്‍ ഏല്‍പ്പിച്ചു. ‘രുദ്രാക്ഷം’ ആയിരുന്നു സിനിമ. വലിയ ബോക്സോഫീസ് ദുരന്തമായി മാറി രുദ്രാക്ഷം. ബാംഗ്ലൂര്‍ അധോലോകം തന്നെയായിരുന്നു ഈ സിനിമയുടെയും പശ്ചാത്തലം. രുദ്രാക്ഷം കൊണ്ട് ഷാജി കൈലാസിനുണ്ടായ ഏക നേട്ടം ആനി എന്ന താരസുന്ദരിയെ ഭാര്യയായി കിട്ടി എന്നതുമാത്രമായിരുന്നു. രുദ്രാക്ഷത്തിന്‍റെ ക്ഷീണം തീര്‍ക്കാന്‍ ഷാജി കൈലാസിന് ഒരു മെഗാഹിറ്റ് ആവശ്യമായിരുന്നു. രണ്‍ജി പണിക്കരെ തന്നെ എഴുതാന്‍ വിളിച്ചു. ഒരു കളക്ടറുടെ ഔദ്യോഗികജീവിതത്തിലെ വെല്ലുവിളികള്‍ സിനിമയാക്കാന്‍ തീരുമാനിച്ചു. 1995ല്‍ അത് സംഭവിച്ചു - ജോസഫ് അലക്സ് തേവള്ളിപ്പറമ്പില്‍ എന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍റെ കഥയുമായി ‘ദി കിംഗ്’.

മലയാള സിനിമയെ കിടിലം കൊള്ളിച്ച വിജയമായിരുന്നു ദി കിംഗ് നേടിയത്. മമ്മൂട്ടിയും മുരളിയും വിജയരാഘവനും രാജന്‍ പി ദേവും ഗണേഷും ദേവനും വാണി വിശ്വനാഥുമെല്ലാം തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ സുരേഷ്ഗോപി അതിഥിതാരമായെത്തി. “കളി എന്നോടും വേണ്ട സാര്‍. ഐ ഹാവ് ആന്‍ എക്സ്ട്രാ ബോണ്‍. ഒരെല്ല് കൂടുതലാണെനിക്ക്” - എന്ന് മന്ത്രിപുംഗവന്‍റെ മുഖത്തടിക്കുന്നതുപോലെ ആക്രോശിച്ചുകൊണ്ട് ജോസഫ് അലക്സ് തകര്‍ത്താടി. ഷാജി കൈലാസിന്‍റെ ഫ്രെയിം മാജിക്കിന്‍റെ പരകോടിയായിരുന്നു ദി കിംഗ്. ആ സിനിമയോടെ ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ ടീം പിരിഞ്ഞു.

പിന്നീട് ഷാജിയുടേതായി എത്തിയത് ‘മഹാത്മ’ എന്ന ഫ്ലോപ്പായിരുന്നു. ടി ദാമോദരന്‍ തിരക്കഥയെഴുതിയ ഈ ചിത്രത്തില്‍ ദേവദേവന്‍ എന്ന അധോലോക രാജാവായിരുന്നു സുരേഷ്ഗോപി. അതിന് ശേഷം രഞ്ജിത്തിന്‍റെ തിരക്കഥയില്‍ അസുരവംശം. മനോജ് കെ ജയനെയും ബിജുമേനോനെയും സൂപ്പര്‍സ്റ്റാറാക്കുക എന്ന ലക്‍ഷ്യത്തോടെ ഒരുക്കിയ അസുരവംശവും പരാജയമായി. അമിതമായ വയലന്‍സ് അസുരവംശത്തിന്‍റെ പരാജയത്തിന് കാരണമായി. ഒരു മാറ്റം വേണമെന്ന് ഷാജി കൈലാസിന് തോന്നിത്തുടങ്ങിയ സമയം. ഒരു ഹിറ്റ് അത്യാവശ്യം. ദേവാസുരത്തിന്‍റെ അതേ ചട്ടക്കൂടില്‍ ഒരു സിനിമയെടുക്കാന്‍ അദ്ദേഹം തീരുമാനിച്ചു. രഞ്ജിത് തന്നെ തിരക്കഥയെഴുതി. ആറാം തമ്പുരാന്‍ എന മെഗാഹിറ്റ് അവിടെ ജനിച്ചു. മോഹന്‍ലാലിന്‍റെയും മഞ്ജുവാര്യരുടെയും മത്സരാഭിനയം കൊണ്ട് പ്രേക്ഷകര്‍ക്ക് ഒരു മികച്ച വിരുന്നായി മാറി ആറാം തമ്പുരാന്‍.

മോഹന്‍ലാലിനൊപ്പം ആദ്യമായി ഒന്നിച്ചപ്പോള്‍ തന്നെ ഒരു മെഗാഹിറ്റ് ലഭിച്ചതോടെ മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനായി ഷാജി കൈലാസ്. ആ സിനിമയിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. അതോടെ അതുവരെ തുടര്‍ന്നുവന്ന ഫോര്‍മുലകള്‍ മാറ്റിവച്ച് ഡാന്‍സിനും പാട്ടിനും ആക്ഷനും കുടുംബബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന സിനിമകളൊരുക്കാനായി ഷാജിയുടെ ശ്രമം. എന്നാല്‍ ആറാം തമ്പുരാന് ശേഷം ദി ട്രൂത്ത്, എഫ് ഐ ആര്‍ എന്നീ ശരാശരി വിജയങ്ങള്‍ നല്‍കാനേ ഷാജിക്ക് കഴിഞ്ഞുള്ളൂ. ട്രൂത്തിന് തിരക്കഥയെഴുതിയത് എസ് എന്‍ സ്വാമിയായിരുന്നു. എഫ് ഐ ആര്‍ ഡെന്നിസ് ജോസഫ് എഴുതി.

WEBDUNIA|
അടുത്ത പേജില്‍ - ഇന്ദുചൂഢനും നന്ദഗോപാല്‍ മാരാരും!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :