“എനിക്ക് ഈ ഇരിപ്പ് ഇങ്ങനെ ഇരിക്കുന്നതാ ഏറ്റവും ഇഷ്‌ടം. വരാന്തേലോട്ടു ചാരുകസേരേം വലിച്ചിട്ട് മിറ്റത്തോട്ടു നോക്കി ഒറ്റ ഇരിപ്പ്. പണിക്കാര് വരുന്നു, പോകുന്നു, വല്ലപ്പോഴും അടുക്കളേന്ന് ആന്‍സി എന്തെങ്കിലുമൊന്നു ചോദിക്കുന്നു. ഇടയ്‌ക്കെല്ലാം ഓരോ കല്യാണം വിളിക്കാരോ അതുപോലെ ആരെങ്കിലുമൊരു വീട്ടുകാരോ കൂട്ടരോ കേറി ഓരോ കാറ് വരും. പിന്നെ, എനിക്ക് ഉച്ചയൂണിനു മുമ്പ് ഒരു സ്‌മോള്‍, അത് ആന്‍സി മേശപ്പുറത്ത് ഒഴിച്ചുവച്ചേക്കും. വൈകിട്ട് ചപ്പാത്തിക്കുമുമ്പ് രണ്ടു സ്‌മോള്‍. അത് പ്രാര്‍ത്ഥന കഴിഞ്ഞ് ഞാന്‍ തന്നെ അലമാരീന്ന് എടുക്കും. വലി ഞാന്‍ നേരത്തേ തന്നെ നിര്‍ത്തി. ആന്‍സിക്ക് ആ പൊകമണം ഒട്ടും ഇഷ്‌ടമല്ല. ഞാനിങ്ങനെ വരാന്തേലിരിക്കും. മിറ്റത്തു മഴ പെയ്യുന്നു. വെയില് തെളിയുന്നു, കോഴി ഓടുന്നു. പിളേളര് കളിക്കുന്നു, പക്ഷെ, കഴിഞ്ഞയാഴ്‌ചേലെ ആ ഒറ്റ രാത്രീടെ കാര്യമോര്‍ക്കുമ്പോള്‍ എനിക്ക് ഇപ്പളും വിശ്വസിക്കാന്‍ പറ്റുന്നില്ല. ഈ ഞാനാണോ ആ ഞാന്‍?”
വ്യത്യസ്തനായ ഒരു മനുഷ്യന്‍ - പേര് ജോയി. ‘പാലായ്ക്ക് അപ്പുറം എന്നതാ നടക്കുന്നേ?” എന്ന് ഒരു വിവരവുമില്ലാത്തയാള്‍. സക്കറിയയുടെ സൃഷ്ടിയാണ് ഈ കഥാപാത്രം. ‘പ്രെയ്സ് ദി ലോര്‍ഡ്’ എന്ന നോവലിലെ ഈ കഥാപാത്രമാകാന്‍ മമ്മൂട്ടി ഒരുങ്ങിക്കഴിഞ്ഞു.
നവാഗതനായ ഷിബു ഗംഗാധരനാണ് ‘പ്രെയ്സ് ദി ലോര്‍ഡ്’ സംവിധാനം ചെയ്യുന്നത്. ഏറെ സമ്പന്നനാണ് ജോയി. നല്ല കൃഷിക്കാരനാണ്. എന്നാല്‍ ലോകവിവരം തീരെയില്ല. അങ്ങനെയൊരാളുടെ മുമ്പിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന കമിതാക്കള്‍ കഥയാകെ മാറ്റിമറിക്കുന്നു.
ടി പി രാജീവനാണ് പ്രെയ്സ് ദി ലോര്‍ഡിന് തിരക്കഥയെഴുതുന്നത്. തിരക്കഥയുടെ ആദ്യപകുതി പൂര്‍ത്തിയായിക്കഴിഞ്ഞു. എഴുതിയ അത്രയും ഭാഗം വായിച്ചുതീര്‍ത്ത മമ്മൂട്ടി ഹാപ്പിയാണ്. വിധേയനിലെ ഭാസ്കര പട്ടേലര്‍ക്ക് ശേഷം സക്കറിയയുടെ ഒരു കഥാപാത്രമാകാനുള്ള അവസരമാണ് മമ്മൂട്ടിക്ക് ലഭിച്ചിരിക്കുന്നത്.
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)