‘ചൈനാടൌണ്‍’ റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത് വന്‍ ഹിറ്റായ സിനിമയാണ്. മോഹന്‍ലാല്‍, ജയറാം, ദിലീപ് എന്നിവര്‍ നായകന്‍മാരായ സിനിമ. ഈ മൂന്നുപേരും ഒന്നിച്ചു എന്നതുതന്നെയായിരുന്നു ചൈനാടൌണിന്‍റെ പ്രത്യേകത. ഇവരുടെ രസകരമായ പ്രകടനം കാണാന്‍ ജനം ഇരച്ചെത്തിയപ്പോള്‍ ചൈനാടൌണ്‍ കോടികള്‍ വാരി.
ഇവര്‍ മൂവരും ചേര്‍ന്ന് ഒരു സിനിമ ഇനിയുമുണ്ടാകുമോ എന്ന് കാത്തിരിക്കവേ, മറ്റൊരു വാര്‍ത്തയെത്തിയിരിക്കുന്നു. ചൈനാടൌണിലെ മൂവര്‍ സംഘം പോലെ മറ്റൊരു മൂവര്‍ സംഘം വരുന്നു. അതില്‍ ജയറാമും ദിലീപുമുണ്ട്. പക്ഷേ മോഹന്‍ലാല്‍ ഇല്ല, പകരം സാക്ഷാല്‍ മമ്മൂട്ടി!
തോംസണ്‍ സംവിധാനം ചെയ്യുന്ന ‘കമ്മത്ത് ആന്‍റ് കമ്മത്ത്’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി, ജയറാം, ദിലീപ് എന്ന അപൂര്‍വ കോമ്പിനേഷന്‍. ട്വന്‍റി20യില്‍ ഇവര്‍ ഒന്നിച്ചുവന്നെങ്കിലും ഇവരുടെ കോമ്പിനേഷന്‍ സീനുകള്‍ അധികം ഉണ്ടായിരുന്നില്ല. സൂപ്പര്‍ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ - സിബി കെ തോമസ് ആണ് ‘കമ്മത്ത് ആന്‍റ് കമ്മത്ത്’ രചിക്കുന്നത്.
പ്രമുഖ ഹോട്ടല്‍ ശൃംഖലയുടെ ഉടമസ്ഥരായ കമ്മത്ത് സഹോദരന്‍മാരായാണ് മമ്മൂട്ടിയും ജയറാമും ചിത്രത്തില്‍ അഭിനയിക്കുന്നത്. കൊങ്കിണി-മലയാളം ശൈലിയിലാണ് മമ്മൂട്ടിയും ജയറാമും ഈ സിനിമയില്‍ സംസാരിക്കുന്നത്. ദിലീപ് ഇന്‍കം ടാക്സ് ഓഫീസറായാണ് അഭിനയിക്കുന്നത്. ഹോട്ടല്‍ ബിസിനസില്‍ നിന്ന് ലഭിക്കുന്ന ലാഭം മുഴുവന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായാണ് കമ്മത്ത് സഹോദരങ്ങള്‍ ഉപയോഗിക്കുന്നത്. ഇതിലെ കള്ളക്കളികള്‍ പുറത്തുകൊണ്ടുവരുന്ന ഇന്‍കം ടാക്സ് ഓഫീസറായാണ് ദിലീപ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ലക്ഷ്മിറായി മമ്മൂട്ടിയുടെ നായികയായും വേദിക ജയറാമിന്‍റെ നായികയായും എത്തുന്നു. ദിലീപിന് നായികയില്ല എന്നാണ് അറിയുന്നത്.
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)